കണ്ണൂരില്‍ ഇറങ്ങുന്ന ആദ്യ യാത്രികനായി അമിത് ഷാ വിമാനമിറങ്ങി
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാവിലെ 11.30 ന് പ്രത്യേക സ്വകാര്യ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരില്‍ എത്തിയത്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിനാണ് ഷാ എത്തിയത്. കാര്‍ മാര്‍ഗം കണ്ണൂരിലേക്ക് പുറപ്പെട്ട അമിത് ഷാ അല്‍പസമയത്തിനുള്ളില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ബിജെപി നേതാക്കളുമായി 10 മിനിറ്റോളം സംസാരിച്ചതിന് ശേഷമാണ് അമിത് ഷാ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വലിയ സ്വീകരണമാണ് അമിത് ഷായ്ക്ക് വിമാനത്താവളത്തില്‍ ഒരുക്കിയത്.
തുടര്‍ന്ന് താളിക്കാവ് മൈതാനിയില്‍ പൊതുസമ്മേളനം നടത്തും. താളിക്കാവിന് സമീപം നാല് നിലകളിലായാണ് മന്ദിരം ഒരുക്കിയിരിക്കുന്നത്. ആധുനിക സൌകര്യങ്ങളോടെയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മാരാര്‍ജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ തുടങ്ങിയവര്‍ സംബന്ധിക്കും.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് കൃത്യമായ നിലപാടുമായി ഇടത് മുന്നണിയും കടുത്ത നടപടികളുമായി സർക്കാരും മുന്നോട്ടുപോകുമ്പോഴാണ് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തിയിരിക്കുന്നത്. ശബരിമലയെക്കുറിച്ചുള്ള പാർട്ടി നയത്തിൽ ആശയക്കുഴപ്പങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകാതിരിക്കാൻ കേന്ദ്രനേതൃത്വത്തിൽ നിന്ന് ഒരു നിർദേശമാണ് സംസ്ഥാനനേതൃത്വം ഇനി പ്രതീക്ഷിയ്ക്കുന്നത്.
കണ്ണൂരിലെത്തുന്ന അമിത്ഷാ ഉദ്ഘാടനത്തിനുശേഷം പിണറായിലെ ബലിദാനികളായ ഉത്തമന്റെയും, രമിത്തിന്റെയും പിണറായിയിലെ വീട് സന്ദർശിച്ച ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ഡല്‍ഹിക്ക് മടങ്ങും.