സിബിഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയതിനെതിരെ അലോക് വർമ്മ സുപ്രിംകോടതിയില്‍
സിബിഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വർമ്മ സുപ്രിംകോടതിയെ സമീപിച്ചു. അലോക് വർമയുടെ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രധാന കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു.
സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. സിബിഐ തലപ്പത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയും നടപടിയുണ്ടായിരുന്നു.
അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍. നാഗേശ്വര റാവുവിനാണ് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. സിബിഐ തലപ്പത്തെ ഉള്‍പ്പോര് പരസ്യമായതോടെ അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.