അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തിയേക്കും

ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മല്‍സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തിയേക്കും. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷ് ടോമിയെ വിശഖാപട്ടണത്ത് എത്തിക്കുമെന്നാണ് നാവിക സേന നല്‍കുന്ന വിവരം. നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് സത്പുരയിലായിരിക്കും അഭിലാഷ് ടോമിയെ എത്തിക്കുക. ഇന്നലെയാണ് അഭിലാഷ് ടോമിയുമായി ഐ.എന്‍.എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് പുറപ്പെട്ടത്. മുംബൈയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് വിശാഖപട്ടണത്തേക്ക് കപ്പലിന്റെ ദിശ മാറ്റുകയായിരുന്നു.

നേരത്തെ രക്ഷിച്ച എല്ലാവര്‍ക്കും നാവികസേനയ്ക്കും അഭിലാഷ് ടോമി നന്ദി അറിയിച്ചിരുന്നു. നാവികസേനാ വക്താവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണു സന്ദേശം പങ്കുവെച്ചത്. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കഴിഞ്ഞ മാസം 24 ന് ഫ്രാന്‍സിന്റെ മത്സ്യബന്ധന കപ്പലായ ഒസിരിസാണ് രക്ഷപ്പെടുത്തിയത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

1968ല്‍ ബ്രിട്ടിഷുകാരന്‍ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണ്‍ നടത്തിയ കടല്‍പ്രയാണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിച്ചത്. അഭിലാഷ് ഉള്‍പ്പെടെ 18 പേരുടെ പായ്വഞ്ചികളാണു പങ്കെടുക്കുന്നത്. ഗോവയില്‍ നിര്‍മിച്ച ‘തുരിയ’ എന്ന പായ്വഞ്ചിയിലാണ് അഭിലാഷിന്റെ പ്രയാണം. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍  മൂന്നാം സ്ഥാനത്തായിരുന്നു അപകടം നടക്കുമ്പോള്‍ അഭിലാഷ്‌.

error: Content is protected !!