ജന മൈത്രി പോലീസ് ഊർപള്ളി മാതൃക ഗ്രാമം പദ്ധതിക്കു തുടക്കമായി
കണ്ണൂര്‍ : നാടിന്റെ നന്മ തിരികെ പിടിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കൂട്ടായ്മയൊരുക്കി മാതൃകയായ ഊർപ്പള്ളിയിൽ ജന മൈത്രി പോലീസിന്റെ മാതൃക ഗ്രാമം പദ്ധതിക്ക് തുടക്കമായി. ഊർപള്ളി സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം തലശേരി എ എസ് പി ചൈത്ര തെരേസ ജോൺ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ സംഘടിപ്പിക്കും. വിവിധ കലാ, കായിക, മത്സര പരീക്ഷ പരിശീലനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസുകൾ, തുടങ്ങിയവ സംഘടിപ്പിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പള്ളികമ്മറ്റി സമുദായ സംഘടനകളും പ്രവാസികളുമെല്ലാം കൈകോര്‍ത്താണ് ‘സേവ് ഊര്‍പ്പള്ളി’ എന്ന പേരില്‍ കൂട്ടായ്മക്ക് രൂപം കൊടുത്തത്.കൂട്ടായ്മ ലക്ഷ്യ മിട്ട കാര്യങ്ങൾ ചെയ്തു തീർക്കാനായി ജന മൈത്രി പോലീസ് ഊർപള്ളി ഗ്രാമത്തെ തന്നെ ദത്തെടുക്കുകയായിരുന്നു.
വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് എസ് ഐ കെ വി നിഷിത് പദ്ധതി വിശദീകരിച്ചു. രഞ്ജിഷ് കടവത്ത മുഖ്യ പ്രഭാഷണം നടത്തി. പി പവിത്രൻ, പ്രദീപൻ തൈക്കണ്ടി, എസ് പി അബ്ദുൽ ഖാദർ ഹാജി, കെ കെ അബ്ദുള്ള, ഷമീർ ഊർപള്ളി, കെ ഷിജാദ്, ഒ കെ ശരത്, നൂറുദീൻ പാറയിൽ, അഡ്വ. ജാഫർ, സംസാരിച്ചു.