ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്കു മാറ്റി. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസന്വേഷണം പുരോഗമിക്കുകയാണ്. നിലവിലുള്ള സാഹചര്യത്തിൽ പ്രതി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. ജലന്ധറിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് നിലപാടെടുത്തു.
പരാതിക്കാരിയ്ക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ പദവിയില്‍ നിന്ന് നീക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്.
ബിഷപ്പ് ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ നുണപരിശോധന അടക്കമുള്ളവയിലേക്ക് നീങ്ങാന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്. ഇതു സംബന്ധിച്ച അപേക്ഷ പൊലീസ് ഉടന്‍ നല്‍കിയേക്കും. ബിഷപ്പിനെ ഒക്ടോബര്‍ ആറുവരെ പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.