പ്രായപൂര്‍ത്തി ആകാത്തവരുമായുള്ള ലൈംഗിക ബന്ധം ബലാല്‍സംഘമെന്ന്‍ കോടതി
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതമുണ്ടെങ്കില്‍ പോലും അവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെയെന്ന് മഹാരാഷ്ട്ര കോടതി. 2015 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31 വയസുകാരനായ പ്രതിക്ക് ഏഴു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി ദേവന്ദ്രേ ഗുപ്തയ്ക്ക് വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ജില്ലാ ജഡ്ജി പി പി ജാദവ് ഒരു വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2015 ഒക്ടോബര്‍ രണ്ടിനാണ് കേസിന് ആസപ്ദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ 11 ാം ക്ലാസില്‍ പഠിക്കുന്ന 16 കാരിയായ പെണ്‍കുട്ടിയുടെ താനെയിലെ വീട്ടില്‍ കുട്ടിയുടെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയ തക്കം നോക്കി പ്രതി അതിക്രമിച്ച് കയറുകയായിരുന്നു.
പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുമ്പോള്‍ പെണ്‍കുട്ടി അടുക്കളയില്‍ ഭക്ഷണം പാചകം ചെയുകയായിരുന്നു. വായ് മൂടികെട്ടിയ ശേഷം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മ മടങ്ങി വന്നപ്പോള്‍ ഭയന്നു പോയ പ്രതി വീട്ടില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഈ സമയം വാതില്‍ തുറന്ന പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ അമ്മയോടെ തുറന്നു പറഞ്ഞു. പിന്നീട് രക്ഷപ്പെടുന്നതിന് ശ്രമിച്ച പ്രതിയെ അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ പരിണതഫലം മനസിലാക്കാന്‍ പോലും സാധിക്കാത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതായി തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. ഇനി അഥവാ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതമുണ്ടെങ്കില്‍ പോലും അവരുമായുള്ള ലൈംഗികബന്ധം നിയമത്തിന്റെ ദൃഷ്ടിയില്‍ ബലാത്സംഗം തന്നെയാണെന്നും കോടതി വ്യക്തമാക്കി.