നഷ്ടം നികത്തേണ്ടത് തീര്‍ഥാടകരില്‍ നിന്നല്ല: കെഎസ്ആര്‍ടിസിക്കെതിരെ ശബരിമല ദേവസ്വം ബോര്‍ഡ്

നിലയ്ക്കല്‍-പമ്പാ സര്‍വീസ് യാത്രാനിരക്ക് കെഎസ്ആര്‍ടിസി കുത്തനെ കൂട്ടി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ചീഫ് ട്രാഫിക് ഓഫീസറാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്നലെ രാവിലെ 31 രൂപയായിരുന്ന നിരക്ക് ഉച്ചയായതോടെ ഒറ്റയടിക്ക് 40 രൂപയാക്കി ഉയര്‍ത്തി.

പമ്പയിലുണ്ടായ പ്രളയക്കെടുതിയെ തുടര്‍ന്ന് റോഡുകള്‍ അധികവും ഗതാഗതയോഗ്യമല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യം നിലനില്ക്കവെയാണ് നിരക്ക് കുത്തനെ കൂട്ടിയത്.

അതേസമയം ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോർഡ് രംഗത്ത് വന്നു. ആവശ്യമെങ്കിൽ ബസ് വാടകക്ക് എടുത്ത് സ്വന്തം നിലക്ക് സർവ്വീസ് നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു. ഏകപക്ഷീയമായാണ് നിരക്ക് കൂട്ടിയതെന്നും കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യേണ്ടെന്നും പത്മകുമാർ പറഞ്ഞു.

നിരക്ക് കുറക്കണമെന്നും കൂപ്പൺ സംവിധാനം കൊണ്ട് വരണമെന്നും ദേവസ്വം ബോർഡ് ഗതാഗത മന്ത്രിയോടും കെഎസ്ആർടിസി എംഡിയോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് വർധന. 50 ബസുകളാണ് കന്നിമാസ പൂ‍ജാ ദേവസങ്ങളിൽ നിലക്കൽ പമ്പ സർവ്വീസ് നടത്തുന്നത്.  ലോ ഫ്ലോർ, എസി ബസ്സുകളിലും ആനുപാതികമായി നിരക്ക് കെഎസ്ആർടിസി വർധിപ്പിച്ചിട്ടുണ്ട്. പ്രളയം ചൂണ്ടികാട്ടി സന്നിധാനത്തെ കച്ചവടക്കാർ അമിത വില ഈടാക്കിയാൽ നടപടി ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.

error: Content is protected !!