ഇന്ധന വില വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും. പെട്രോള്‍, ഡീസല്‍ വില വളരെ കൂടുതലാണെന്നും ഇതു പൊതുജനങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് യാതൊന്നും പറയാന്‍ ഗഡ്കരി കൂട്ടാക്കിയില്ല. മുംബൈയില്‍ ബ്ലൂംബര്‍ഗ് ഇന്ത്യ ഇക്‌ണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ധനവില വളരെ അധികമാണ്. ഇതുകാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.’ ഗഡ്കരി പറഞ്ഞു. ക്രൂഡ് ഓയില്‍ വില കുറയാനുള്ള സാധ്യതയുണ്ടെന്ന് തനിക്ക് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ എവിടെനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. മഹാരാഷ്ട്രയിലാണ് ഇന്ധന വില ഏറ്റവും കൂടുതല്‍. പെട്രോളിന്മേലുള്ള ഒമ്പതു രൂപ സര്‍ചാര്‍ജ് ഉള്‍പ്പെടെ 39%ത്തോളം വാറ്റ് ഈടാക്കുന്നതാണ് ഇതിനു കാരണം.
അതിനിടെ, 2019ല്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും ഗഡ്കരി പറഞ്ഞു. ‘ മോദിജീ വീണ്ടും നമ്മുടെ പ്രധാനമന്ത്രിയാവും. നമ്മളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ടാവും. നമ്മള്‍ അദ്ദേഹത്തെ പിന്തുണക്കും.’ എന്നും അദ്ദേഹം പറയുന്നു. പെട്രോള്‍ വില വര്‍ധനവിന് കാരണം ആഗോള ഘടകങ്ങളാണെന്നു പറഞ്ഞാണ് ബി.ജെ.പി വിലവര്‍ധനവിനെ ന്യായീകരിക്കുന്നത്.
