കേരളത്തിന്‍റെ പുനര്‍നിര്‍മാണം : ആസൂത്രണ ബോർഡ് ചര്‍ച്ചകള്‍ തുടങ്ങി

കേരളത്തിന്‍റെ പുനര്‍നിര്‍മാണം സംബന്ധിച്ച് ആസൂത്രണ ബോർഡ് വിവിധ വകുപ്പുകളുമായുളള ചര്‍ച്ചകള്‍ തുടങ്ങി. വരും വർഷത്തെ ആസൂത്രണ പദ്ധതികൾ മുഴുവൻ കേരളത്തിന്റെ പുന‌നിർമ്മാണത്തിന് ഉള്ളതായിരിക്കുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍  പറഞ്ഞു.

ഭൂവിനിയോഗത്തിലടക്കം മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷത്തെ പദ്ധതിയില്‍ ആസൂത്രണ ബോര്‍ഡ് അടിമുടി മാറ്റമാണ് വരുത്തുന്നത്. പദ്ധതി തുക വെട്ടിക്കുറയ്ക്കില്ല. പകരം അടിയന്തര പ്രധാന്യമുളള മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും.

തകര്‍ന്ന റോഡുകളും കുടിവെളള വിതരണ സംവിധാനങ്ങളും പുനസ്ഥാപിക്കാന്‍ ഈ വര്‍ഷം രണ്ടായിരം കോടി രൂപയെങ്കിലും മാറ്റി വയ്ക്കണം. അടുത്ത വാര്‍ഷിക പദ്ധതി പൂര്‍ണമായും കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തെ അടിസ്ഥാനമാക്കിയാകും.

പ്രളയക്കെടുതിയുടെ നഷ്ടം 40,000 കോടിയെന്ന് തിട്ടപ്പെടുത്തുമ്പോഴും ഈ തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ എത്ര വാര്‍ഷിക പദ്ധതികള്‍ മാറ്റിവയ്ക്കേണ്ടി വരുമെന്ന ചോദ്യത്തിന് ആസൂത്രണ ബോര്‍ഡിന് വ്യക്തമായ മറുപടിയില്ല. പ്രളയക്കെടുതി നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂവിനിയോഗം അടക്കമുളള കാര്യങ്ങളില്‍ സമഗ്ര മാറ്റം കൊണ്ടുവരാനാണ് ആസൂത്രണ ബോര്‍ഡിന്‍റെ ശ്രമം.

error: Content is protected !!