ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ബലാൽസംഗക്കേസ് : കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്.  കൊച്ചിയിലെ സമരപ്പന്തലിൽ ഇന്ന് മുതൽ അനിശ്ചിതകാലം നിരാഹാരം തുടങ്ങും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ ഹാജരാകാനിരിക്കെയാണ് സമരം കൂടുതല്‍ ശക്തമാകുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും നീതി തേടി നിരാഹാരം ആരംഭിക്കുന്നു. രാവിലെ പതിനൊന്നു മുതല്‍ സമരപന്തലില്‍ ഇപ്പോള്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം അവരും ചേരും. വൈകിട്ട് 5 മുതല്‍ ഡോ.പി.ഗീതയും അനിശ്ചിതകാല നിരാഹാരം ആരംഭിക്കും.

കോഴിക്കോട് എം.എന്‍.കാരശേരിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തും. തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്‍പില്‍ സാമൂഹ്യ സമത്വ മുന്നണിയുടെ നേതൃത്വത്തില്‍ റിലേ സത്യഗ്രഹസമരം ആരംഭിക്കും. തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ വൈകിട്ട് 5 ന് ബഹുജന കണ്‍വെന്‍ഷനും നടത്തും.

ചൊവ്വാഴ്ച വൈകിട്ട് കുറവിലങ്ങാടും ബഹുജന കണ്‍വെന്‍ഷന്‍ നടക്കും. സമരത്തിന് ഐക്യദാര്‍ഢൃവുമായി ബുധനാഴ്ച വൈകിട്ട് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ നിരവധി രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ സമരത്തെ പിന്തുണച്ച് രംഗത്തുവന്നു. സമരത്തിന് എല്ലാവിധ പിന്തുണയും നല്കുന്നതായി മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മയും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയും അറിയിച്ചു.

അതേസമയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 19ന് കേരളത്തിലെത്തുമെന്ന് പഞ്ചാബ് പൊലീസ് അന്വേഷണസംഘത്തെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണസംഘം യോഗം ചേരും. അട്ടപ്പാടിയിൽ കന്യാസ്ത്രീ ധ്യാനത്തിനായി എത്തിയതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.

error: Content is protected !!