അഭിമന്യു വധം : എട്ട് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

അഭിമന്യു വധക്കേസില്‍ പ്രതികളായ എട്ടുപേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ആരിഫ് ബിന്‍ സലീമടക്കം എട്ടുപേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.

കേരളത്തെ നടുക്കിയ ക്യാംപസ് കൊലപാതകം നടന്ന് രണ്ടരമാസം പിന്നിടുമ്പോഴും പ്രധാന പ്രതികളായ പലരും പിടിയിലാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറപ്പെടുവിച്ചത്. മാധ്യമങ്ങള്‍ വഴി ഇവരുടെ ചിത്രങ്ങല്‍ പുറം ലോകത്തെത്തിച്ച് പ്രതികളെ വലയിലാക്കാനുള്ള എല്ലാ വഴികളും തേടുകയാണ് അന്വേഷണ സംഘം. എന്നാല്‍ പ്രതികളില്‍ പലരും ഇതിനോടകം രാജ്യം വിട്ടതായും സംശയമുണ്ട്.

കൊച്ചി പള്ളുരുത്തി സ്വദേശികളായ മുഹമ്മദ് ഷഹിം , ജിസാല്‍ റസാഖ്, ആലുവ സ്വദേശികളായ ഫായിസ് പി.എം, ആരിഫ് ബിന്‍ സലീം, കച്ചേരിപ്പടി സ്വദേശി ഷിഫാസ്, മരട് സ്വദേശികളായ സഹല്‍, തന്‍സില്‍, സനിദ് എന്നവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ ഇതുവരെ 18 പ്രതികളെ പോലീസ് പിടികൂടിക്കഴിഞ്ഞു. പിടിയിലായ എല്ലാവരും ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് എന്നീ സംഘടനകളിലെ പ്രവർത്തകരാണ്. പ്രതികളില്‍ ആറ് പേർക്ക് നേരത്തെ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

You may have missed

error: Content is protected !!