ചലച്ചിത്രോത്സവം നടക്കും
രാജ്യാന്തര ചലച്ചിത്ര മേളക്ക് മുഖ്യമന്ത്രിയുടെ അനുമതി. സർക്കാർ പണം നൽകാതെ മേള നടത്താം എന്ന് മുഖ്യമന്ത്രി ചലചിത്ര അക്കാദമിയെ അറിയിച്ചു. ചലച്ചിത്രമേളക്കായി അക്കാദമിയും സാംസ്ക്കാരിക വകുപ്പും ഇനി പണം കണ്ടെത്തണം. മന്ത്രി എ.കെ ബാലന്‍ അക്കാദമി അംഗങ്ങളുമായി 26ന് നടത്തുന്ന ചര്‍ച്ചയിലായിരിക്കും തിയതി തീരുമാനിക്കുക.
കഴിഞ്ഞ വര്‍ഷത്തേതിന്‍റെ പകുതി ചെലവില്‍ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരികെ എത്തിയശേഷം ഐഎഫ്എഫ്കെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
സ്‍കൂൾ കലോത്സവത്തിന്റെ മാതൃകയിൽ ചെലവ് ചുരുക്ക് ചലച്ചിത്ര മേളയും നടത്താനുള്ള ബദൽ ചർച്ചകളിലാണ് സാംസ്ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും. പ്രതിനിധികളുടെ പാസിനുള്ള തുക ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെ ആക്കണമെന്നാണ് ഒരു നിർദ്ദേശം. കഴിഞ്ഞ വർഷം 650 രൂപയായിരുന്നത് 750 ആക്കാൻ പ്രളയത്തിന് മുമ്പേ തീരുമാനിച്ചിരുന്നു. തുക കൂട്ടുന്നത് വഴി 2 കോടി നേടാമെന്നാണ് കണക്ക് കൂട്ടൽ. പക്ഷെ വിദ്യാർത്ഥികൾക്ക് പകുതി തുക മതി.
അടൂർ ഗോപാലകൃഷ്‍ണനെ പോലെയുള്ള വിഖ്യാത ചലച്ചിത്ര കാരന്മാരെ അന്താരാഷ്‍ട്ര ജൂറി അധ്യക്ഷനാക്കുകയാണ് മറ്റൊരു നിർദ്ദേശം. വിദേശത്ത് നിന്ന് വൻതുക മുടക്കി ജൂറി അധ്യക്ഷന്മാരെ കൊണ്ടുവരുന്നതിലെ ചെലവ് ഇത് വഴി കുറക്കാം. ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള തുക 10 ലക്ഷമാണ്, ഇത് വേണ്ടെന്ന് വെക്കാം. എല്ലാ അവാര്‍ഡുകള്‍ക്കുമുള്ള പ്രൈസ് മണിയും വേണ്ടെന്ന് വെക്കാമെന്നതാണ് അടുത്ത നിർദ്ദേശം.