ഹണിട്രാപ്പ് സംഘത്തിലെ യുവതി പോലീസ് പിടിയില്‍

തളിപ്പറമ്പ്: കിടപ്പറക്കെണിയില്‍ വീഴ്ത്തി പ്രമുഖരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഹണിട്രാപ്പ് സംഘത്തിലെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ കാസര്‍ഗോട്ടെ ആഡംബര ഫ്‌ളാറ്റില്‍ വെച്ചാണ് യുവതി പിടിയിലായത്. കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി  പണം തട്ടിയെടുക്കുകയായിരുന്നു ഹണിട്രാപ്പ് സംഘത്തിന്റെ രീതി. കാസര്‍ഗോഡ് കുഡ്‌ലു കളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം.ഹഷിദ എന്ന സമീറയെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ  നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും  കുടുംബ ബന്ധങ്ങള്‍ തകരുമെന്ന്  ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്‍മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ  പ്രതിചേര്‍ത്തിട്ടുള്ളത്.  നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്.  ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌ക്കരന്‍ (62) എന്നയാള്‍ മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍  എന്നിവര്‍ക്കുമെതിരെ  പരാതി നല്‍കിയിരുന്നു.

2017 ഡിസംബറില്‍ പെണ്‍വാണിഭ സംഘത്തില്‍ പെട്ട മുസ്തഫയുടെ താഴെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഷഹിദയോടൊപ്പം ഫോട്ടോ എടുപ്പിച്ച്  ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌ക്കരനില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ആറസ്റ്റിലായ ഹഷിദ ബിഎംഎസ് നേതാവായ ദിനേശ്  എന്ന യുവാവിനെ വിവാഹം ചെയ്ത് അയാളുടെ കൂടെയാണ് ഫ്ളാറ്റില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിമാസം 25,000 രൂപ വാടക നല്‍കിയാണ് പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ക്വാര്‍ട്ടേഴ്‌സില്‍ ഇവര്‍ താമസിച്ചിരുന്നത്.

ചുഴലിയിലെ കെ.പി.ഇര്‍ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ്(21) എന്നിവരെയാണ് കഴിഞ്ഞ ആഗസ്ത് 24 ന് തളിപ്പറമ്പ് എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവിലെ ബ്ദുള്‍ ജലീല്‍, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. തളിപ്പറമ്പിലെ പല ഉന്നതന്‍മാരും ഈ സംഘത്തിന്റെ വലയില്‍ കുടുങ്ങിയതിന്റെ തെളിവുകള്‍ ലാപ്‌ടോപ്പില്‍ നിന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരും തന്നെ പരാതിപ്പെടാത്ത സാഹചര്യത്തില്‍ കൂടുതല്‍ കേസുകളെടുത്തിരുന്നില്ല.

ബളാക്ക് മെയില്‍ ചെയ്ത് സമ്പാദിക്കുന്ന പണം വന്‍നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയി, എസ്ഐ കെ.ദിനേശന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി.രമേശന്‍, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

error: Content is protected !!