ഗോവയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി നീക്കം

ഗോവയിൽ മനോഹർ പരീക്കറിന് പകരം പുതിയ മുഖ്യമന്ത്രിയെ ബിജെപി നിർദ്ദേശിച്ചേക്കും. മുഖ്യമന്ത്രി പദം കൈയ്യിൽവച്ച് ഉപമുഖ്യമന്ത്രി പദം സഖ്യകക്ഷികൾക്ക് നല്കാനാണ് ശുപാർശ. തീരുമാനം ഒന്നോ രണ്ടോ ദിവസത്തിൽ ഉണ്ടാകും. ദില്ലി എയിംസിൽ ചികിത്സയിലുള്ള മനോഹർ പരീക്കറിന് പകരം കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിനെയോ സംസ്ഥാന അദ്ധ്യക്ഷൻ വിനയ് ടെൻഡുൽക്കറിനെയോ മുഖ്യമന്ത്രിയാക്കാനാണ് നീക്കം.

മഹാരാഷ്ട്രവാദി ഗോമന്തിക് പാർട്ടി, എംജിപിയുടെ സുദിൻ നവലിക്കർ മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി എതിർത്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദം ബിജെപി തന്നെ കൈയ്യിൽ വയ്ക്കാം എന്ന നിർദ്ദേശം. ഉപമുഖ്യമന്ത്രി പദം ഏതൊങ്കിലുമൊരു സഖ്യകക്ഷിക്ക് നല്കും.

സമവായമില്ലെങ്കിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ ആലോചിക്കും. നാല്പതംഗ നിയമസഭയിൽ ബിജെപിക്ക് 14 എംഎൽഎമാരുണ്ട്. എംജിപിയുടെ മുന്നും, ഗോവാ ഫോർവേജ് പാർട്ടിയുടെ മൂന്നും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ഭരണപക്ഷത്താണ്. ഈ ഇരുപത്തി മൂന്നിൽ പരീക്കർ ഉൾപ്പടെ മൂന്ന് ബിജെപി നേതാക്കൾ ചികിത്സയിലാണ്.

സ്പീക്കറൊഴികെ 19 പേരുടെ പിന്തുണയേ ഉറപ്പുള്ളു. സ്വതന്ത്ര എംഎൽഎമാരെ ഒപ്പം കൊണ്ടു വരാൻ 17 പേരുള്ള കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ ഈ പുതിയ ഫോർമുല സഖ്യകക്ഷികൾ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

error: Content is protected !!