ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്ത്
ഗോവയിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഗവർണർ മൃദുല സിൻഹയ്ക്ക് നിവേദനം നൽകി.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ അനാരോഗ്യം സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രതിപക്ഷമെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ പറഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ട്. പരീക്കർ ചികിത്സയ്ക്കായി പോയപ്പോൾ സംസ്ഥാനത്തിന്റെ ചുമതല ആരെയും ഏൽപ്പിച്ചില്ല. ഗോവയിൽ ആരും സന്തുഷ്ടരല്ല. ജനങ്ങളും സർക്കാർ ജീവനക്കാരും സഖ്യകക്ഷികളും സന്തുഷ്ടരല്ലെന്നും ചോഡങ്കർ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും 13 സീറ്റ് മാത്രം നേടിയ ബിജെപി കേന്ദ്ര പ്രതിരോധ മന്തിയായിരുന്ന മനോഹര്‍ പരീക്കറിനെ വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി എം.ജിപിയേയു സ്വതന്ത്രരേയും കൂട്ടു പിടിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു.