ഉമിനീര്‍, രക്ത സാമ്പിളുകള്‍ ബലമായി ശേഖരിച്ചു; പൊലീസിനെതിരെ ഫ്രാങ്കോ മുളയ്ക്കല്‍
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയെ എതിർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷ നൽകി. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു വാദം. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ബിഷപ്പിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പാലാ താലൂക്ക് ആശുപത്രിയിലായിരിക്കും വൈദ്യ പരിശോധന നടത്തുക.
ബിഷപ്പിനെ മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ പൊലീസ് ആവശ്യപ്പെടും. അഡ്വ. ബി. രാമന്‍പിള്ളയാണ് ബിഷപ്പിനുവേണ്ടി ഹാജരാവുന്നത്.