ഫ്രാങ്കോ മുളയ്ക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു
ഫ്രാങ്കോ മുളയ്ക്കലിന്‍റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍. ബിഷപ്പ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആറ് മണിക്കൂര്‍ സമയത്തെ നിരീക്ഷണം അവസാനിച്ചു. വീണ്ടും പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലം പുറത്തുവന്നാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുമോ എന്ന് അറിയാനാകൂ. ഡിസ്ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ പ്രതിസന്ധി നേരിടും. ഈ സ്ഥിതി തുടര്‍ന്നാല്‍ പാലാ മജിസ്ട്രേറ്റിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് സൂചന.
ഹൃദയാഘാത സാധ്യത, അമിത രക്തസമ്മര്‍ദ്ദം എന്നിവ കാരണം ഫ്രാങ്കോയുടെ കോടതിയിലേക്കുള്ള യാത്ര ഡോക്ടര്‍മാര്‍ തടഞ്ഞേക്കും. എങ്കില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഫ്രാങ്കോയെ ഇന്ന് ഹാജരാക്കാനാകില്ല. മെഡിക്കല്‍ ബുള്ളറ്റിനെ അപേക്ഷിച്ചിരിക്കും ഇനി തുടര്‍നടപടികള്‍.
അതേസമയം ബിഷപ്പിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.