കേരളത്തിന് ഹിമാചലില്‍ നിന്നൊരു കൈത്താങ്ങ്: 2.04 കോടിയുടെ മരുന്നുകൾ സംഭാവനയായി നല്‍കി
നൂറ്റാണ്ടിലെ മഹാപ്രളയത്തെ അഭിമുഖീകരിച്ച കേരളത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നായി നിരവധി സഹായമാണ് എത്തിക്കൊണ്ടിരിക്കുന്നത്. കൂട്ടായ്മയിലൂടെ തിരിച്ചു വരവിനൊരുങ്ങുന്ന കേരളത്തിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഹിമാചൽ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. 2.04 കോടി രൂപയുടെ മരുന്നുകളാണ് പ്രളയ ബാധിതര്‍ക്ക് ഇവര്‍ സംഭാവന ചെയ്തത്. അവശ്യ മരുന്നുകൾ ഉൾപ്പടെ 88 ഓളം ഇനം മരുന്നുകൾ ഹിമാചലിലെ വിവിധ നിർമ്മാതാക്കളിൽ നിന്നായി ശേഖരിച്ച് സൗജന്യമായി ദില്ലി കേരള ഹൗസിൽ എത്തിക്കുകയായിരുന്നു.
സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകർ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ സഹായത്തോടെ ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡിസി ചൗധരി, സീനിയർ അഭിഭാഷകൻ സഞ്ജീവ് ഭൂഷൺ, ഹിമാചൽ ഹൈക്കോടതി ബാർ അസോസിയേഷൻ തുടങ്ങിയവർ വഴി നടത്തിയ ഇടപെടലുകളാണ് അവശ്യ മരുന്നുകൾ സൗജന്യമായി ലഭിക്കാൻ ഇടയാക്കിയത്.
ഹിമാചൽ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ മരുന്നുകളും വഹിച്ചുള്ള വാഹനം തിങ്കളാഴ്ച വൈകീട്ട് ഹിമാചൽ നിയമസഭാ സ്പീക്കർ ഡോ.രാജീവ് ബിൻഡൽ സിർമോർ ജില്ലയിലെ കാലാ-ആംബിൽ ഫ്ലാഗ് ഓഫ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ദില്ലി കേരള ഹൗസിലെത്തിയ മരുന്നുകൾ വിമാന മാർഗ്ഗം കേരളത്തിലേക്കയക്കും.