പ്രളയ ബാധിത ജില്ലകള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കുന്നു
പ്രളയം വിഴുങ്ങിയ ജില്ലകളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനാണ് കേന്ദ്രസംഘമെത്തിയിരിക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞാണ് പതിനൊന്ന സംഘത്തിന്‍റെ സന്ദര്‍ശനം. ആദ്യ ദിനം തൃശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകള്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമല, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളിലും, മണ്ണിടിച്ചില്‍ രൂക്ഷമായ വയനാട് ചുരത്തിലും സംഘമെത്തി. 624 കോടി രൂപയുടെ നാശനഷ്ടം കോഴിക്കോട് ഉണ്ടായതായാണ് വിലയിരുത്തല്‍.
തൃശ്ശൂരില്‍ പ്രളയം ബാധിച്ച തൈക്കോട്ടം തൂക്കുപാലം, വൈന്തല, ഇല്ലിക്കല്‍ റോഡ് , ആറാട്ടുപുഴ, പുത്തൂര്‍, കുറാഞ്ചേരി, ചീരക്കുഴി ഡാം എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.1309 കോടിയുടെ നാശ നഷ്ടമുണ്ടായതാണ് വിലയിരുത്തല്‍. ഇടുക്കിയില്‍ അണക്കട്ട് തുറന്ന് വിട്ടതിനെ തുടര്‍ന്ന് തകര്‍ന്ന ചെറുതോണി പാലമാണ് ആദ്യം സന്ദര്‍ശിച്ചത്. വാഴത്തോപ്പ് പെരുങ്കാല, ഉപ്പുതോട്, പന്നിയാര്‍ പവര്‍ ഹൗസ് എന്നിവിടങ്ങളിലും സംഘമെത്തി. വയനാട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലും സംഘമെത്തും.
ഞായറാഴ്ചയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന സംഘം തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാലായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്ന് കോടി രൂപയാണ് ദുരിതാശ്വാസത്തിനായി കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് പ്രാവശ്യമായി 600 കോടി രൂപ അനുവദിച്ചു. കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാകും ബാക്കി തുക അനുവദിക്കുക.