രൂപയുടെ വിലയിടിവ്: ഇറക്കുമതി നിയന്ത്രിച്ച് കയറ്റുമതി വര്‍ധിപ്പിക്കും
രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ പുതിയ സമ്പദ് വ്യവസ്ഥയില്‍ പുതിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സാമ്പത്തിക വിശകലന സമിതി അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. പരിഷ്‌കരണങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗം ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെങ്കിലും അവ പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
അവശ്യം വേണ്ട സാധനങ്ങള്‍ ഒഴികെയുള്ളവയുടെ ഇറക്കുമതി വേണ്ടെന്നു വയ്ക്കാന്‍ യോഗം തീരുമാനിച്ചു, ഒപ്പം കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളും. എണ്ണവില കൂടുന്നതും രൂപയുടെ വില ഇടിയുന്നതുമാണു പ്രധാന പ്രശ്‌നങ്ങളെന്ന് അരുണ്‍ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച തുടരും.
1. അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നു വാങ്ങുന്ന വാണിജ്യ വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവ പുനഃപരിശോധിക്കുകയും ചെയ്യും.
2. ഉല്‍പന്നനിര്‍മാണ മേഖലയില്‍ ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായാല്‍ 50 ദശലക്ഷം ഡോളര്‍ വിദേശ വായ്പ സ്വീകരിക്കാം .
3. 2019 സാമ്പത്തിക വര്‍ഷത്തില്‍ പുറപ്പെടുവിക്കുന്ന മസാല ബോണ്ടുകളെ വിത്ത്ഹോള്‍ഡിങ് നികുതിയില്‍ നിന്ന് ഒഴിവാക്കും.
4.ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു.
എന്നിവയാണ് യോഗത്തില്‍ എടുത്ത സുപ്രധാന തീരുമാനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.