ബിജെപിക്ക് വേണ്ടി പ്രചരണത്തിനില്ലെന്ന് ബാബാ രാംദേവ്
2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. ടെലിവിഷന്‍ അഭിമുഖത്തിലെ ചോദ്യത്തിന് എന്തിന് താന്‍ പ്രചരണം നടത്തണം ?എന്നായിരുന്നു ബാബയുടെ മറുപടി. ദിനം പ്രതി ഉയരുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബാബ രാംദേവ് പറഞ്ഞു.
തനിക്ക് അവസരം തന്നാല്‍ ഇന്ധന വില പകുതിയായി കുറയ്ക്കാമെന്നും രാംദേവ് പറഞ്ഞു. തന്റെ ആഗ്രഹം രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാനാണ്. എല്ലാ പാര്‍ട്ടികളുടെയും കൂടെ താന്‍ ഉണ്ടാകും. എനിക്ക് ഒരു പാര്‍ട്ടിയുമായോടെും രാഷ്ട്രീയ അഭിമുഖ്യമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന് എല്ലാവിധ അവകാശങ്ങളുമുണ്ട്.
കഴിഞ്ഞതവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബിജെപിക്കായി പ്രചാരണം നടത്തിയിരുന്നു. ഇതിന് സമ്മാനമെന്ന പോലെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി കാബിനറ്റ് റാങ്കോടെ 2015 ല്‍ ബിജെപി സര്‍ക്കാര്‍ രാംദേവിനെ നിയമിച്ചിരുന്നു. കാലങ്ങളായി ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകളെ ശക്തമായി പിന്തുണയ്ക്കുന്ന രാംദേവിന്റെ മനംമാറ്റം തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ മോദിക്ക് സാധിക്കാത്ത പക്ഷം കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പശുവിനെ മതപരമായ മൃഗമായി കാണുന്നത് ശരിയല്ലെന്നും രാംദേവ് പറഞ്ഞു.