വയനാട്ടില്‍ വന്‍ കുഴല്‍പ്പണ വേട്ട

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. കർണാടകയിൽ നിന്നും മൽസ്യം ഇറക്കി തിരിച്ചു വന്ന ചെറിയ കണ്ടെയ്നർ വാഹനത്തിൽ നിന്നാണ് കുഴൽപ്പണം പിടിച്ചത്‌. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. താമരശേരി പുതുപ്പാടി കാരക്കുന്നുമ്മല്‍ ടി.പി. മുജീബ് (37), പുതുപ്പാടി കാരക്കുന്നുമ്മല്‍ അബ്ദുല്‍ഖാദര്‍ (30) എന്നിവരെയാണ് പിടികൂടിയത്.  കണ്ടെയ്നർ  മിനിലോറിക്കുള്ളില്‍ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

രാവിലെ ഒമ്പത് മണിയോടെയാണ് വാഹനം എക്‌സൈസ് ചെക്‌പോസ്റ്റിലെത്തിയത്. ബന്ദിപ്പൂര്‍ വഴി കേരളത്തിലേക്ക് പുറപ്പെട്ട വാഹനങ്ങളിലൊന്നില്‍ രേഖകളില്ലാത്ത പണം കടത്തുന്നുണ്ടെന്ന രഹസ്യം വിവരം ഉന്നത ഉദ്യോഗസ്ഥര്‍ വഴി ചെക്‌പോസ്റ്റില്‍ ലഭിച്ചിരുന്നു. അതിനാല്‍ രാവിലെ മുതല്‍ ശക്തമായ പരിശോധനയും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മിനിലോറി എത്തിയത്. കോഴിക്കോട് അടിവാരത്ത് നിന്നുള്ള മത്സ്യലോഡ് ബാംഗ്ലൂരില്‍ ഇറക്കി തിരിച്ചുവരികയാണെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ എക്‌സൈസിന് നല്‍കിയ മൊഴി. മൂന്നു ദിവസം മുമ്പ് ഇതേ ചെക്‌പോസ്റ്റ് വഴിയാണ് ലോഡുമായി പോയതെന്നും ഇവര്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് മിനി ലോറിയുടെ ഉള്‍വശം വിശദമായി പരിശോധിച്ചപ്പോഴാണ് കാബിനോട് ചേര്‍ന്ന ഭാഗത്ത് രഹസ്യഅറയില്‍ പണം കണ്ടെത്തിയത്. 500, 2000 രൂപയുടെ കറന്‍സികളാണ് കൂടുതലുമുള്ളത്. ഒരു മാസമായി മത്സ്യലോഡുമായി പോകുകയാണെന്നും പണം ഒളിപ്പിച്ചത് തങ്ങള്‍ക്കറിയില്ലെന്നുമായിരുന്നു പിടിയിലായവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അടിവാരത്തുള്ള വ്യക്തിക്കായാണ് പണം കടത്തുന്നതെന്ന് ബോധ്യപ്പെട്ടു.

ഇതിന് മുമ്പ് വിവിധ കേസുകളിലായി രണ്ടരക്കോടി രൂപയുടെ കുഴല്‍പണം മുത്തങ്ങ എക്‌സൈസ് പിടിച്ചെടുത്തിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഡി. സുരേഷ്, ജി. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.ടി.കെ. രാമചന്ദ്രന്‍, സന്തോഷ് കൊമ്പ്രാന്‍ കണ്ടി എന്നിവരാണ് പരിശോധന നടത്തിയത്.

error: Content is protected !!