അയോധ്യ ഭൂമിക്കേസ്: ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യമെന്ന്‍ സുപ്രീം കോടതി
രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കവുമായി ബന്ധപ്പെട്ട്, മോസ്ക് (പള്ളി) ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നുള്ള ഹർജിയിൽ സുപ്രീകോടതി വിധിപ്രസ്താവം തുടങ്ങി. അയോധ്യകേസ് വിശാലബെഞ്ചിനു വിടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യം. ജസ്റ്റിസ് ദീപക് മിശ്രയും അശോക് ഭൂഷണും ചേർന്നാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റിസ് അബ്ദുൾ നസീർ ഇതിനോട് വിയോജിച്ചു. വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നാണ് അദ്ദേഹത്തിന്റെ വിധിയിൽ പറയുന്നത്.
അയോധ്യ ഭൂമിതർക്ക കേസിൽ ഫറൂഖി കേസിന്‍റെ വിധി പ്രസക്തമല്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ. അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അയോധ്യയിലെ തർക്കഭൂമി പ്രത്യേക ഓർഡിനൻസിലൂടെ ഏറ്റെടുത്ത കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയാണ് 1993ൽ ഇസ്മായിൽ ഫറൂഖി കോടതിയെ സമീപിച്ചത്. ഇസ്ലാമിക വിശ്വാസത്തിൽ നമസ്കാരം പ്രധാനമാണെങ്കിലും അതിൽ മോസ്കെന്നത് പ്രധാനമല്ലെന്നായിരുന്നു അന്നത്തെ വിധി. തർക്കഭൂമി ഏറ്റെടുത്ത കേന്ദ്രസർക്കാർ തീരുമാനം അന്ന് കോടതി അംഗീകരിക്കുകയായിരുന്നു.
ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ് കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ആവശ്യപ്പെട്ട് ഇസ്ലാമിക സംഘടനകൾ കോടതിയിലെ സമീപിച്ചത്. അയോധ്യഭൂമി കേസ് ഇതേ ബെഞ്ച് പരിഗണിക്കും. ഏതൊരു ഭൂമി തർക്കത്തെയും പോലെ കേസ് പരിഗണിക്കുമെന്നാണ് ഇന്ന് ഇക്കാര്യത്തിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്.