വ്യാജ തങ്ങള്‍ അറസ്റ്റില്‍
വീട്ടമ്മമാരെയും യുവതികളെയും കബളിപ്പിച്ച് സ്വർണവും പണവും അപഹരിച്ച വ്യാജ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.വളാഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീമാണ് പിടിയിലായത്. നിരവധി സ്ത്രീകൾ ഇയാളുടെ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക വിവരമെന്ന് കോഴിക്കോട് കുന്ദമംഗലം പൊലീസ് പറഞ്ഞു.
ചാത്തമംഗലം പള്ളന്നൂര്‍ കല്ലുംപുറം കുഴിമണ്ണില്‍ ജുമാമസ്ജിദിന്റെ കീഴിലുള്ള വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചാണ് അബ്ദുല്‍ ഹഖീം കഴിഞ്ഞ ഒരു വര്‍ഷമായി തട്ടിപ്പ് നടത്തിയത്. അത്ഭുത സിദ്ധിയുള്ളയാളാണെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. പുള്ളന്നൂര്‍ വടക്കും വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ സാബിറ കുന്ദമംഗലം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ വീടിന് സമീപമുള്ള യുവതിയുടെ മകന്റെ അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് ഒമ്പത് പവനും 12000 രൂപയും കവര്‍ന്നതായാണ് പരാതി.
മലപ്പുറം വളാഞ്ചേരിയിലെ കൊട്ടാര സമാനമായ വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പരാതികളുയര്‍ന്നതോടെ പുതുതായി പത്ത് കേസുകള്‍ ഇയാള്‍ക്കെതിരെ കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്തു. 42 പവന്‍ സ്വര്‍ണ്ണവും പത്ത് ലക്ഷം രൂപയും വിവിധയാളുകളില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ ആറ് പേരില്‍ നിന്ന് സ്വത്തുക്കള്‍ തട്ടിയതായി ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇയാള്‍ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. മലയമ്മ സ്വദേശിയുടെ ഭാര്യയും ഇവരുടെ വിവാഹിതയായ മകളും ആറ് വയസുള്ള കുട്ടിയും ഇപ്പോള്‍ ഇയാള്‍ക്കൊപ്പമാണ് താമസമെന്ന് പൊലീസ് അറിയിച്ചു. ഇവരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.