ഫ്രാങ്കോക്കെതിരെ പഴുതുകളടച്ച കുറ്റപത്രം നല്‍കും: മന്ത്രി എകെ ബാലന്‍

മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ പഴുതുകളടച്ചുള്ള കുറ്റപത്രം നൽകുമെന്ന് നിയമമന്ത്രി എകെ ബാലന്‍. ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് നടക്കുന്നത്. നിയമം അറിയാവുന്നവർക്ക് ഇതറിയാം.

ദിലിപിന്റെ കേസിൽ ഇതാണ് സംഭവിച്ചത്. ജനങ്ങളെ ബോധ്യപ്പെടുത്താനായി മാത്രം അന്വേഷണം വഴിമാറ്റാൻ കഴിയില്ല. ശാസ്ത്രീയമായ, കൃത്യമായ തെളിവ് ശേഖരിച്ച് പ്രതിയെ പിടിക്കാൻ സമയമെടുക്കുമെന്നും മന്ത്രി തിരുവനന്തപുത്ത് പറഞ്ഞു.

ഐഎഫ്എഫ്കെ നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി എത്തി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും. രണ്ട് കോടി ഡെലിഗേറ്റ് ഫീസിൽ നിന്നും ഒരു കോടി പ്ലാൻ ഫണ്ടിൽ നിന്നും കണ്ടെത്തണം. ഡെലിഗേറ്റ് ഫണ്ട് ഉയർത്തേണ്ടി വരും. മൂന്ന് കോടിക്ക് ചലച്ചിത്രമേള നടത്താമെന്ന് ചലച്ചിത്ര അക്കാദമി പുതിയ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഭൂമി  തിരിച്ചെടുക്കുന്നതിന് നിയമനിർമ്മാണം പരിഗണനയിലാണെന്നും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി എംഎല്‍എക്കെതിരായ പരാതിയെ കുറിച്ച് മൂന്ന് ദിവസത്തിനകം മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!