അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച് വൈദ്യ സഹായം നല്‍കി

ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മൽസരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തില്‍പ്പെട്ട മലയാളി സമുദ്രസഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു. രാവിലെ 9.30 ഓടെയാണ് അഭിലാഷ് ടോമിയുമായുള്ള ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ദ്വീപിലെത്തിയത്. ഇവിടെ പ്രാഥമിക വൈദ്യസഹായവും അഭിലാഷിന് നൽകിയെന്ന് നാവികസേന അറിയിച്ചു. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്.

ആംസ്റ്റര്‍ഡാമില്‍ വിശദമായ വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മുതുകിന് സാരമായി പരിക്കേറ്റതിനാല്‍ എക്സ്റേ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് തന്നെ ചെയ്യും. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം അഭിലാഷ് ടോമിയെ ഓസ്‌ട്രേലിയയിലേക്കാണോ മൗറീഷ്യസിലേക്കാണോ കൊണ്ടു പോകേണ്ടതെന്നു തീരുമാനിക്കും. 27ന് ഓസ്‌ട്രേലിയയുടെയും 29ന് ഇന്ത്യന്‍ നാവികസേനയുടെയും കപ്പലുകള്‍ ദ്വീപിലെത്തും.ഇതിനു ശേഷമാകും അഭിലാഷിനെ മാറ്റേണ്ട കാര്യത്തില്‍ തീരുമാനമെടുക്കുക.

അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായി ഗ്രെഗര്‍ റേസില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ തന്റെ പായ് വഞ്ചിയുമായി ഗ്രെഗറിന് അഭിലാഷിനടുത്തെത്താനായില്ല. തുടര്‍ന്ന് ഫ്രഞ്ച് കപ്പല്‍ ഓസിരിസ് അഭിലാഷിനൊപ്പം ഗ്രെഗറിനേയും രക്ഷിക്കുകയായിരുന്നു.

1968ല്‍ ബ്രിട്ടിഷുകാരന്‍ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണ്‍ നടത്തിയ കടല്‍പ്രയാണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ്. അഭിലാഷ് ഉള്‍പ്പെടെ 18 പേരുടെ പായ് വഞ്ചികളാണു പങ്കെടുക്കുന്നത്. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തു നിന്ന് ആരംഭിച്ച പ്രയാണത്തില്‍ അപകടത്തില്‍പ്പെടുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.

error: Content is protected !!