സംവരണമെന്ന് പറഞ്ഞ് കൊടുക്കാന്‍ ജോലിയില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗന്ധ്കരി

സംവരണമെന്ന് പറഞ്ഞ് കൊടുക്കാന്‍ ജോലിയില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗന്ധ്കരി. ഐടി മേഖലയിലെ വളര്‍ച്ച കാരണം തൊഴിലുകളുടെ എണ്ണം കുറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് മരവിച്ച നിലയിലാണ് . സംവരണം കൊടുത്താല്‍ തന്നെ എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സാധിക്കില്ല. സംവരണം രാഷ്ട്രീയതാത്പര്യമായി മാറിയിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ് തങ്ങളെന്ന് സംവരണത്തിന് വേണ്ടി എല്ലാവരും പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറാഠാ പ്രക്ഷോഭം സംബന്ധിച്ചു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഗഡ്കരി.

‘സംവരണം നൽകിയെന്നു വിചാരിക്കുക. പക്ഷേ ജോലി നൽകാനില്ലാത്ത സാഹചര്യമാണ്. ബാങ്കുകളിൽ കംപ്യൂട്ടർ സാങ്കേതികതയുടെ വരവു കാരണം തൊഴിലവസരങ്ങൾ ഇല്ല. സർക്കാർ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് തൊഴിൽ?’- മുൻ മഹാരാഷ്ട്ര പൊതുമരാമത്തു മന്ത്രി കൂടിയായ ഗഡ്കരി ചോദിച്ചു.

‘പിന്നാക്കാവസ്ഥ എന്നത് ഇപ്പോൾ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചായി. അതാണു സംവരണത്തിന്റെ പ്രശ്നവും. എല്ലാവരും പറയുന്നത് പിന്നാക്കക്കാരാണെന്നാണ്. ബിഹാറിലും മധ്യപ്രദേശിലും ബ്രാഹ്മണർ ശക്തരാണ്. എന്നിട്ടും അവർ പറയുന്നത് പിന്നാക്കക്കാരാണെന്നാണ്’– ഗഡ്കരി വ്യക്തമാക്കി.

ജാതിയോ വിഭാഗമോ ഭാഷയോ നോക്കാതെ വേണം പാവപ്പെട്ടവരെ തിരഞ്ഞെടുക്കേണ്ടത്. ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും അവരിൽ ഒരു വിഭാഗത്തിന് ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ പോലുമില്ല. ഇത്തരത്തിൽ ഏതു വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും അതിലെ പാവങ്ങളിൽ പാവങ്ങളെയാണ് പരിഗണിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ചിന്തയാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. അല്ലാതെ രാഷ്ട്രീയവൽക്കരിക്കുകയല്ല–ഗഡ്കരി പറഞ്ഞു.

മറാഠാ സംവരണ പ്രക്ഷോഭത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇടപെട്ടിട്ടുണ്ട്. ചർച്ചകൾ നടക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ശാന്തരാകണം. ഉത്തരവാദിത്തപ്പെട്ട പാർട്ടികൾ എരിതീയിലേക്ക് എണ്ണ പകരരുത്. വികസന പ്രവർത്തനങ്ങൾ, വ്യവസായവൽക്കരണം, ഗ്രാമീണ ഉൽപന്നങ്ങൾക്കു മികച്ച വില ഉറപ്പാക്കൽ എന്നിവ വഴി മറാഠാ വിഭാഗത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കുറയ്ക്കാനാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

error: Content is protected !!