തൊടുപുഴ കൂട്ടക്കൊലപാതകം; മൂന്ന്‍ പേരെ കസ്റ്റഡിയിലെടുത്തു
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തില്‍ തിരുവന്തപുരത്തു നിന്ന് മുസ്ലീം പ്രാദേശിക നേതാവടക്കം മൂന്നു പേരെ കൂടി കസ്റ്റഡിയില്‍. കല്ലറ പാങ്ങോട് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലാവരില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് വിവരം. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ഏതുസമയവും ആക്രമിക്കപ്പെടുമെന്ന് കൊല്ലപ്പെട്ട കൃഷ്ണന് നേരത്തെ അറിയാമായിരുന്ന നിഗമനത്തിലാണ് പൊലീസ്.
വീടിനുള്ളില്‍ നിന്ന് വീട്ടുകാരുടെയല്ലാത്ത ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തി. ഇത് കൊലയാളികളുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം, കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം.
മന്ത്രവാദമടക്കമുള്ള ആഭിചാരക്രിയകൾ ചെയ്തിരുന്ന കൃഷ്ണനുമായി ഇടപെട്ടിരുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. നിധി കണ്ടെത്തി തരാം എന്ന് കൃഷ്ണൻ തമിഴ്നാട് സ്വദേശികളായ ചിലർക്ക് വാഗ്ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ കൃഷ്ണന്റെ വീട്ടിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.