ഖാദി യുവതലമുറയുടെ കൂടി വസ്ത്രമാകണം: ശോഭന ജോര്‍ജ്

പഴയ തലമുറയിലുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ഖദര്‍ വസ്ത്രം എന്ന ധാരണ മാറ്റണമെന്നും യുവജനങ്ങള്‍ക്കും ട്രെന്‍ഡിനൊത്ത വസ്ത്രങ്ങളും മെറ്റീരിയലുകളും നല്‍കാന്‍ ഖാദിക്ക് കഴിയണമെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖാദി മേഖല ലാഭാധിഷ്ഠിതമല്ല. ഒരു രൂപയുണ്ടെങ്കില്‍ അത് ഇവിടുത്തെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് തന്നെ കിട്ടും. ഖാദി ഇന്ത്യയുടെ സംസ്‌കാരമാണ്, ചരിത്രമാണ്.

ഖാദി മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവണം. വില കുറച്ച് ഖാദിയുടെ പേരില്‍ ഗുണനിലവാരം കുറഞ്ഞ വ്യാജഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഖാദി മേഖലയെ തകര്‍ക്കുന്ന ഈ അനധികൃത വില്‍പന അവസാനിപ്പിക്കും. തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള ഒരു കട അടപ്പിച്ചു. ഖാദിക്ക് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നത്. 30 ശതമാനമാണ് റിബേറ്റ്.

ചര്‍ക്കയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഖാദിയും വില്ലേജ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഖാദിക്ക് കേരളത്തിനും ഇന്ത്യക്കും പുറത്ത് വിപണി കണ്ടെത്താനുള്ള പരിശ്രമം നടത്തും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും.

അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കേഷനുള്ള കേരളത്തിലെ ഏക തേന്‍ ഖാദിയുടേതാണ്. പരിശുദ്ധിയുടെ കാര്യത്തില്‍ ഖാദിയെ നൂറുശതമാനവും വിശ്വസിക്കാം. ഈ ഓണക്കാലത്തിന്റെ െൈഹലൈറ്റ് കുപ്പടം സെറ്റ് മുണ്ടും സാരിയുമാണെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. ബക്രീദിന് വളരെ വ്യത്യസ്തമായ ഡിസൈനിലുള്ള പര്‍ദകള്‍ ഖാദി വിപണിയിലിറക്കിയിട്ടുണ്ട്. ഇസ്തിരിയിടേണ്ടാത്ത സ്റ്റാര്‍ച്ച് വേണ്ടാത്ത ഷര്‍ട്ടുകള്‍ ഖാദി ബോര്‍ഡ് വിപണയിലിറക്കിയിട്ടുണ്ട്. ഖാദി ബോര്‍ഡ് പുതുതായി വിപണിയിലിറക്കിയ ‘സഖാവ്’ ഷര്‍ട്ടിനുപിന്നില്‍ രാഷ്ട്രീയം ഇല്ലെന്നും അവര്‍ പറഞ്ഞു.

 

error: Content is protected !!