ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു

കൊട്ടാരക്കരയിൽ നടന്‍ ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ ഒരു മാളിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. താരം വരുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിട്ടങ്ങളിലും തടിച്ചു കൂടിയിരുന്നു.

തുടര്‍ന്ന് താരം സ്ഥലത്ത് എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും തിരക്കില്‍പ്പെട്ട  ഹരി കുഴഞ്ഞു വീഴുകയായിരുന്നു.
തിരക്കില്‍പ്പെട്ട മറ്റു ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഹൃദയാഘാതം വന്നയാളാണ് ഹരിയെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ മാള്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വച്ചു പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

error: Content is protected !!