മോഹന്‍ലാലിനും എംസിആര്‍ ഗ്രൂപ്പിനുമെതിരെ നിയമനടപടിക്കൊരുങ്ങി ഖാദി ബോര്‍ഡ്

മോഹന്‍ ലാലിനും എംസിആആര്‍ ടെക്‌സ്റ്റയില്‍ ഗ്രൂപ്പിനുമെതിരെ നിയമനടപടിയുമായി സംസ്ഥാന ഖാദി ബോര്‍ഡ്. ചര്‍ക്കയുമായി യാതൊരുവിധ ബന്ധമില്ലാത്ത മുണ്ടിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂറ്റുകൊണ്ട് അഭിനയിച്ചതിനാണ് മോഹന്‍ലാലിനെതിരെ ഖാദി ബോര്‍ഡ് നിയമനടപടി സ്വീകരിച്ചത്. പരസ്യത്തിന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് എംസിആര്‍ ഗ്രൂപ്പിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

മോഹന്‍ലാലിനും എംസിആര്‍ ഗ്രൂപ്പിനും എതിരെ പത്ത് ദിവസം മുമ്പ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ഖാദിയുടെ പരസ്യത്തിലാണ് ഇതുവരെ ചര്‍ക്ക ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ചര്‍ക്കയുമായി യാതൊരുവിധ ബന്ധമില്ലാത്ത വ്യാപാരസ്ഥാപനത്തിന് വേണ്ടിയാണ് എംസിആര്‍ ഗ്രൂപ്പ് മോഹന്‍ലാലിനെ വെച്ച് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിനെയാണ് ഖാദി ബോര്‍ഡ് ചോദ്യം ചെയ്തതെന്ന് ശോഭന ജോര്‍ജ് വ്യക്തമാക്കി. രാജ്യത്തിന്റെ തന്നെ പ്രതീകമായ ചര്‍ക്ക എല്ലാവര്‍ക്കും എല്ലായിടത്തും എടുത്ത് പ്രയോഗിക്കാനാവില്ല. അതിനാലാണ് പരസ്യത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചത്. വക്കീല്‍ നോട്ടീസിന് രണ്ടു പേരും നല്‍കുന്ന മറുപടിക്ക് ശേഷമായിരിക്കും അനന്തരനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്ന് ശോഭന ജോര്‍ജ് പറഞ്ഞു.

error: Content is protected !!