വീണ്ടും ജിമിക്കി കമ്മല്‍; ഇത്തവണ ചുവട് വെക്കുന്നത് ജ്യോതിക

കഴിഞ്ഞ വര്‍ഷം ലോകമെങ്ങും തരംഗമായ മലയാള സിനിമാ ഗാനം ജിമിക്കി കമ്മല്‍ ഉയര്‍ത്തിവിട്ട തരംഗം അവസാനിക്കുന്നില്ല. ഇപ്പോഴിതാ ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയിലും ചിത്രം ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കാട്രിന്‍ മൊഴിയുടെ നിര്‍മ്മാതാവ് ധനഞ്ജയന്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘ ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന നിലയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗാനം റീമിക്‌സ് ചെയ്യാതെ തന്നെ ചിത്രത്തിലുപയോഗിക്കും. സംവിധായകന്‍ രാധാമോഹനാണ് കാട്രിന്‍ മൊഴിയിലെ ഒരു സവിശേഷ സന്ദര്‍ഭത്തിലുള്‍പ്പെടുത്താന്‍ ജിമിക്കി കമ്മല്‍ തന്നെ സജസ്റ്റ് ചെയ്തത്. ധനഞ്ജയന്‍ പറയുന്നു. ജനങ്ങളുമായി പെട്ടെന്ന് സംവദിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലേക്ക് അത്യാവശ്യമായിരുന്നു. ഓര്‍ത്തപ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് വന്നത് ജിമിക്കിക്കമ്മലായിരുന്നെന്നും അതിനാല്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരുകയായിരുന്നുവെന്നും സംവിധായകന്‍ രാധ മോഹനും വെളിപ്പെടുത്തി.

ജ്യോതികയുടെ കഥാപാത്രവും സുഹൃത്തുക്കളുമാണ് ഗാനത്തിന് സിനിമയില്‍ ചുവടുവെക്കുക. കാട്രിന്‍ മൊഴിയില്‍ ആര്‍ ജെയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ചിത്രം സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും. ജിമിക്കി കമ്മലിന്റെ തനി നാടന്‍ ശൈലിയിലുള്ള ഈ പാട്ടിന് വരികളെഴുതിയത് അനില്‍ പനച്ചൂരാനാണ്. ഈണം ഷാന്‍ റഹ്മാനും. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം പാടിയത്.

error: Content is protected !!