അന്യസംസ്ഥാന തൊഴിലാളികളെ രേഖകളില്ലാതെ താമസിപ്പിച്ചാല്‍ ക്രിമിനല്‍ കേസ്
ഇതര സംസ്ഥാന തൊഴിലാളികളെ കൃത്യമായ രേഖകളില്ലാതെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് പൊലീസ്. കെട്ടിട, തൊഴില്‍ ഉടമകള്‍ക്കും ഏജന്‍റുമാർക്കും ഇത് ബാധകമാണ്. എറണാകുളത്ത് ബിരുദ വിദ്യാർത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം.
കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കവേയാണ് പെരുന്പാവൂർ സിഐ ബിജു പൗലോസ് നിർണായക തീരുമാനം അറിയിച്ചത്. ഒന്നര ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ പെരുമ്പാവൂർ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷം പെരുമ്പാവൂരിൽ മാത്രം 4550 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടതാണ്.
നിമിഷയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുന്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാലാളികളെ പാർപ്പിക്കുന്നതിനെതിരെ ജനരോഷം ഉയർന്നുവന്നിരുന്നു. മന്ത്രി മേഴ്സികുട്ടിയമ്മ നിമിഷയുടെ വീട് സന്ദർശിച്ചതിനുശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ചിരുന്നു.