ഇടുക്കിയില്‍ കാണാതായ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
മുണ്ടന്‍മുടിയില്‍ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിനടുത്തുള്ള കുഴിയിൽനിന്നാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. കാനാട്ട് കൃഷ്ണൻകുട്ടി (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെയാണു കാണാതായത്. ഇവർ സമീപവാസികളുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
വീടിന് പിന്നിലെ കുഴിയില്‍ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാളിയാര്‍ പൊലീസ് എത്തി വീട് തുറന്നു നടത്തിയ പരിശോധനയില്‍ രക്തം തളംകെട്ടി കിടക്കുന്നതും വീടിന് പിന്നില്‍ പുതുമണ്ണ് ഇളകികിടക്കുന്നതും കണ്ടെത്തിയിരുന്നു.
കൊലപാതകം നടത്തി കുഴിച്ചു മൂടിയതാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്.
ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തി മണ്ണ് നീക്കി നടത്തിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബത്തെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. വീട്ടില്‍ നിന്നുയര്‍ന്ന രൂക്ഷഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.