എഎംഎംഎയില്‍ തര്‍ക്കം; നടികള്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചേക്കും
നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരാനായി നൽകിയ ഹർജി താരസംഘടന അമ്മയിലെ വനിതാ അംഗങ്ങൾ പിൻവലിച്ചേക്കും. ഹർജിയെ ചൊല്ലി അമ്മയിൽ തർക്കം മുറുകി.
ഡബ്ള്യുസിസി അംഗങ്ങളുമായി ചൊവ്വാഴ്ച നിർണ്ണായക ചർച്ച നടക്കാനിരിക്കെ അമ്മ ഒരിക്കൽ കൂടി വെട്ടിലായി. ദിലീപിനെ തിരിച്ചെടുത്തതിനെ എതിർക്കുന്ന ഡബ്ള്യുസിസി, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ വിശദീകരിക്കാനും അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിതമായാണ് അമ്മ എക്സിക്യുട്ടീവ് അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും കേസിൽ കക്ഷിചേർന്നത്. വനിതാ ജഡ്ജി വേണമെന്ന നടിയുടെ അപേക്ഷയെ പിന്തുണക്കുന്നതോടൊപ്പം കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് വിവാദമായി. ഈ ആവശ്യത്തെ ആക്രമിക്കപ്പെട്ട നടി എതിർത്തതോടെ താരസംഘടന കുടുങ്ങി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തെ ചൊല്ലി അമ്മയിൽ രൂക്ഷമായ ഭിന്നതയുണ്ട്. നടിക്ക് നിയമസഹായം ഉറപ്പാക്കണമെന്ന ചർച്ച ഉണ്ടായി.
എന്നാൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തിൽ ഒരു ആലോചനയും ഉണ്ടായില്ലെന്നാണ് പല അംഗങ്ങളും പറയുന്നത്. ഹർജിയിൽ ആരെങ്കിലും ഇക്കാര്യം കൂട്ടിച്ചേർത്തതാണോ എന്ന സംശയവുമുണ്ട്. ഹർജി നൽകിയ രചനാ നാരായണൻകുട്ടിയും ഹണിറോസും അമ്മ ഭാരവാഹികളും ഇതേ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറല്ല. ചൊവ്വാഴ്ചത്തെ യോഗത്തിൽ ഈ വിവാദവും ചർച്ച ചെയ്യണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെടാനിടയുണ്ട്. തർക്കം മുറുകിയതോടെയാണ് ഹർജി പിൻവലിച്ച് മുഖം രക്ഷിക്കാനുളള്ള അമ്മയുടെ നീക്കം.
അതേസമയം, കേസില്‍ കക്ഷിചേരാനുള്ള താരസംഘടനയായ അമ്മയുടെ നീക്കത്തിന് കോടതിയിലേറ്റത് കടുത്ത തിരിച്ചടിയായിരുന്നു. കേസിൽ അമ്മയ്ക്ക് വേണ്ടി കക്ഷിചേർന്ന നടിമാരായ രചനാ നാരായണൻ കുട്ടിയുടേയും ഹണി റോസിന്റേയും എല്ലാ വാദങ്ങളും പ്രോസിക്യൂഷനും നടിയുടെ അഭിഭാഷകനും ചേർന്ന് ശക്തമായി പ്രതിരോധിച്ചു.
വനിത ജഡ്ജി വേണമെന്നും പ്രത്യേക കോടതി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിൽ കക്ഷി ചേരുന്നതിനാണ് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രചനാ നാരായണൻകുട്ടിയും ഹണി റോസും സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. നടിയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കാണിച്ചാണ് രചനയും ഹണി റോസും ഹർജിയിൽ പറഞ്ഞത്. എന്നാൽ ഹർജി അനുവദിക്കരുതെന്നും താൻ ‘അമ്മ’ സംഘടനയിൽ അംഗമല്ലെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. സ്വന്തമായി കേസ് നടത്താൻ പ്രാപ്തിയുണ്ടെന്ന് നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി അനുവദിക്കരുതെന്ന് സർക്കാരിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടു.
25 വർഷമെങ്കിലും പരിചയമുളള അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് രചനയും ഹണി റോസും ആവശ്യപ്പെട്ടിരുന്നു. തന്നോട് ആലോചിച്ചതിന് ശേഷം 32 വർഷം പരിചയസമ്പത്തുള്ള അഭിഭാഷകനെയാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി നിയോഗിച്ചതെന്ന് നടി അറിയിച്ചു. ഇക്കാര്യത്തിൽ തനിക്ക് പരാതിയില്ല. കേസ് നടത്താൻ തനിക്ക് സർക്കാരിന്‍റെ സഹായം മതി. മറ്റാരുടെയും സഹായം വേണ്ട. ‘ഒന്നുമറിയാത്തതുകൊണ്ടോ കൂടുതൽ അറിയുന്നതുകൊണ്ടോ’ ആകാം 32 വർഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോൾ 25 വർഷം പരിചയമുള്ള അഭിഭാഷകനെ ആവശ്യപ്പെടുന്നതെന്നും നടിയുടെ അഭിഭാഷകൻ പരിഹസിച്ചു.
കൂടുതൽ ആളുകൾ തളളിക്കയറിയാൽ സിനിമ ഹിറ്റാകും, എന്നാൽ കോടതികളിലെ കേസുകളിലേക്ക് ആളുകൾ ഇരച്ചുകയറുന്നത് തുടർനടപടികളെത്തന്നെ തകർക്കുമെന്ന് സർക്കാരും അറിയിച്ചു. അമ്മ അംഗങ്ങൾക്ക് എന്താണ് പ്രത്യേക താൽപര്യമെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു. തുറന്നുകാട്ടാൻ മറ്റൊരുപാട് കാര്യങ്ങളുണ്ടല്ലോ എന്നും കോടതി ചോദിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് നടി നൽകിയ ഹർജി വരുന്ന 17ന് വീണ്ടും പരിഗണിക്കും. ഇതിനിടെ നടിയെ ഉപദ്രവിച്ച കേസിലുള്ള അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി 16ലേക്ക് മാറ്റിവച്ചു.