താന്‍ സര്‍ക്കാരിന്‍റെ മകള്‍, പിന്തുണയ്ക്ക് നന്ദി; ഹനാന്‍
തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ നടപടി സ്വീകരിക്കുകയും തന്നെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത സര്‍ക്കാരിന് നന്ദി അറിയിച്ച് ഹനാന്‍. മുഖ്യമന്ത്രിയ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍.
ഞാന്‍ സര്‍ക്കാരിന്റെ മകളാണ്, എല്ലാ പിന്തുണയും എനിക്ക് സര്‍ക്കാരില്‍ നിന്നുണ്ട്. ഒരാള്‍ക്ക് പോലും എന്നെ കൈ വെക്കാന്‍ പറ്റില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ കൊള്ളില്ല, പഠനവും സുരക്ഷിതത്വവും എല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്- ഹനാന്‍ പറഞ്ഞു.
സൈബര്‍ ആക്രമണത്തിനരയായ ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തി. ഹനാനായ്ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കിയതിന് പിന്നാലെയാണ് കുപ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സെക്രട്ടറിയേറ്റിലെത്തി ഹനാന്‍ സന്ദര്‍ശിച്ചത് മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു. ‘ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി’-മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.
സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.