‘പള്ളീലച്ചന്‍ കുട്ടീടച്ചനായപ്പോള്‍’ എന്ന കവിതയുള്ള കോളേജ് മാഗസിന് വിലക്ക്

‘പള്ളീലച്ചന്‍ കുട്ടീടച്ചനായപ്പോള്‍’ എന്ന് തുടങ്ങുന്ന കവിത പ്രസിദ്ധീകരിച്ച കോളേജ് മാഗസിന് വിലക്ക്. വയനാട് പുല്‍പള്ളി പഴശ്ശിരാജ കോളേജിലാണ് വയറ്റാട്ടി എന്ന പേരിലുള്ള മാഗസീന്‍ പ്രസിദ്ധീകരിക്കാന്‍ മാനേജ്‌മെന്റ് അനുമതി നിഷേധിച്ചത്. കൃസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ളതാണ് വയനാട്ടെ ഈ പ്രമുഖ കോളേജ്. കവിത നീക്കം ചെയ്താലേ മാഗസീന്‍ പ്രസിദ്ധീകരിക്കാനാവു എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.  പള്ളീലച്ചന്‍ എന്നത് ആളറിയാതെ എന്ന് തിരുത്താന്‍ ആണ് നിര്‍ദേശം.

എന്നാല്‍ ഇത്തരമൊരു തിരുത്തിന് തയ്യാറല്ലെന്നാണ് മാഗസീന്‍ എഡിറ്റര്‍ ഷാഹുല്‍ ഹമീദ് പറയുന്നത്. മതത്തിനെതിരായി യാതൊന്നും മാഗസീനില്‍ ഇല്ലെന്നും എഡിറ്റര്‍ പറയുന്നു. ക്രൈസ്തവ സഭ അധ്യക്ഷന്മാര്‍ പ്രതികളായ നിരവധി കേസുകള്‍ കേരളത്തില്‍ ചര്‍ച്ചയാവുന്നതിനിടെയാണ് സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള കോളേജില്‍ മാഗസിന് വിലക്ക് വരുന്നത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ വികാരിയെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് കവിതയെന്നാണ് വിലയിരുത്തല്‍.

‘പള്ളീലച്ചന്‍ കുട്ടീടച്ചനായപ്പോള്‍ ദൈവം പോലും ഡിഎന്‍എ ടെസ്റ്റില്‍ അഭയം തേടി,
ഉത്തരമില്ലാത്ത ചോദ്യങ്ങളൊക്കെയും ഒന്നു കൂടെ റീപോസ്റ്റുമോര്‍ട്ടം വേണ്ടി വരും’ -എന്നാണ് മാഗസീനിലെ കവിത. ഇതിലെ പള്ളീലച്ചന്‍ എന്ന പ്രയോഗമാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.

error: Content is protected !!