മെസിയുടെ തോല്‍വി; സുവാരസ് പറയുന്നു
അര്‍ജന്‍റീനയുടെ പരാജയവും ആരാധകരുടെ വേദനയുമെല്ലാം ഫുട്ബോള്‍ ലോകം കണ്ടുകഴിഞ്ഞു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന് മുന്നില്‍ പരാജയപ്പെട്ട് മെസി പടിയിറങ്ങിയതിന്‍റെ വേദന ആരാധകര്‍ക്ക് ഇനിയും മാഞ്ഞിട്ടില്ല. ലോകതാരങ്ങള്‍ക്കിടയില്‍ തന്നെ മെസിക്ക് ആരാധകവൃന്ദമുണ്ട്. അക്കൂട്ടത്തില്‍ പ്രധാനിയാണ് ബാഴ്സലോണയിലെ സഹതാരവും ഉറുഗ്വന്‍ സ്ട്രൈക്കറുമായ സുവാരസ്.
ബാഴ്സലോണയിലെത്തുന്നതിന് മുമ്പ് തന്നെ സുവാരസ് മെസിയോടുള്ള ആരാധന വ്യക്തമാക്കിയിട്ടുണ്ട്. ബാഴ്സലോണയില്‍ നിരവധി സീസണുകളിലായി ഇവര്‍ നിറഞ്ഞാടുകയാണ്. മെസി സുവാരസിനും തിരിച്ചും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ തുറന്നുകൊടുക്കാറുണ്ട്. ഒരു പക്ഷെ സുവരസിനെ പോലൊരു താരം അര്‍ജന്‍റീനയില്‍ ഉണ്ടായിരുന്നെങ്കില്‍ മെസി നിരവധി ലോകകിരീടത്തില്‍ മുത്തമിടുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആരാധകരും കുറവല്ല.
അതിനിടയിലാണ് മെസിയുടെയും അര്‍ജന്‍റീനയുടെയും പുറത്താകലിനെക്കുറിച്ച് പ്രതികരണവുമായി സുവാരസ് രംഗത്തെത്തിയത്. മെസിക്ക് പൂര്‍ണപിന്തുണയെന്നാണ് സുവാരസ് ആദ്യം തന്നെ പറഞ്ഞത്. മെസി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചെന്നും ഒപ്പം കളിക്കുന്നവരുടെ മികവില്ലായ്മ യാണ് തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. മെസി ഉണ്ടായിട്ടും അര്‍ജന്‍റീനയ്ക്ക് ലോക കിരീടം ഉയര്‍ത്താനായില്ലെങ്കില്‍ അത് ടീമിന്‍റെ പ്രശ്നമാണെന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ പ്രതീക്ഷകളും സുവാരസ് പങ്കുവച്ചു. ടീമിന് ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഫ്രാന്‍സിന്‍റെ മുന്നേറ്റത്തെ പിടിച്ചുകെട്ടുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.