അത്ഭുതമല്ല, ചരിത്രമാണ് വിനോദ്; ചോലനായ്ക്കരിലെ ആദ്യ ബിരുദാനന്തര ബിരുദധാരി
അത്ഭുതത്തിനപ്പുറം ചരിത്രമാണ് വിനോദ്. ഒരു പക്ഷെ ചരിത്രം തിരുത്തിയ ഒരാള്‍. സര്‍ക്കാരും സമൂഹവും ഒരുപോലെ അവഗണിച്ച വനവാസി വിഭാഗത്തില്‍ നിന്ന് ഒരു ബിരുദാനന്തര ബിരുദധാരി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയിലെ ഉള്‍ക്കാടായ കരുളായി വനത്തിലെ മാഞ്ചീരി പാണപ്പുഴയാണ് വിനോദിന്റെ നാട്. ഇവിടെ മണ്ണള ചെല്ലന്റെയും വിജയയുടെയും എട്ട് മക്കളില്‍ മൂന്നാമനാണ് വിനോദ്. മാഞ്ചീരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാണപ്പുഴയിലാണ് കുടുംബം താമസിക്കുന്നത്. നേരത്തേ എട്ട് കിലോമീറ്റര്‍ അകലെ മക്കിബാരി അളയിലായിരുന്നു. വിനോദിന്റെ പഠനം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ്. മാഞ്ചീരി വരെയെ ജീപ്പ് ചെല്ലുകയുള്ളൂ. അളയിലെത്താന്‍ ചെങ്കുത്തായ മലകള്‍ കയറിയിറങ്ങണം. കരുളായി ഉള്‍വനത്തില്‍ ഗുഹയില്‍ നിന്ന് കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥര്‍ പഴം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂളിലെത്തിച്ച രംഗങ്ങള്‍ വിനോദ് ഇന്നും ഓര്‍ക്കുന്നു.
കിര്‍ത്താഡ്‌സ് അധികൃതര്‍ നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക മാതൃക ആശ്രമ വിദ്യാലയത്തില്‍ വിനോദിനെ ചേര്‍ത്തു. പത്താം ക്ലാസ് വരെ അവിടെ പഠിച്ചു. പത്തനംതിട്ട വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് പ്ലസ്ടു വിജയിച്ചു. ചോലനായ്ക്കരില്‍ നിന്ന് ആദ്യമായി പ്ലസ് ടു ജയിച്ചത് വിനോദാണ്. തുടര്‍പഠനം വഴിമുട്ടിയപ്പോള്‍ രക്ഷകനായി പാലേമാട് വിവേകാനന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജര്‍ കെ.ആര്‍.ഭാസ്‌കരന്‍പിള്ള രംഗത്തെത്തി. തന്റെ കോളേജില്‍ ബിഎ ഇക്കണോമിക്‌സിന് സൗജന്യ പ്രവേശനം നല്‍കി. അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച് ബിരുദപഠനം പൂര്‍ത്തിയാക്കി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ജയിച്ച് ഗോത്രത്തിലെ ആദ്യ ബിരുദധാരിയെന്ന ബഹുമതിയും സ്വന്തമാക്കി. കുസാറ്റില്‍ എംഎ അപ്ലൈഡ് ഇക്കണോമിക്‌സിന് പ്രവേശനം നേടിയ വിനോദ് 10ല്‍ 7.5 ഗ്രേഡോടെ ജയിച്ചു.
കൂട്ടത്തില്‍ നെറ്റ് പരീക്ഷയും എഴുതി. എംഫില്‍ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. ഐഎഎസ് മോഹവും ബാക്കിനില്‍ക്കുന്നു. ജോലി നേടിയ ശേഷം തുടര്‍പഠനമെന്ന ചിന്തയിലാണ് വിനോദ്.
വിനോദിനെ ഭാസ്‌ക്കരപിള്ളയും ഭാര്യ സുമതിക്കുട്ടിയമ്മയും സ്വന്തം മകനെ പോലെയാണ് സംരക്ഷിക്കുന്നത്. അവന് എത്രത്തോളം പഠിക്കണോ അതിനുള്ള എല്ലാ സഹായവും നല്‍കുമെന്ന് ഭാസ്‌ക്കരപിള്ള പറയുന്നു. പക്ഷേ ജോലി നല്‍കേണ്ടത് സര്‍ക്കാരാണ്. വനവാസി വിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിനോദിന് നല്ലൊരു ജോലി നല്‍കാന്‍ സര്‍ക്കാരും അവനെ പ്രോത്സാഹിപ്പിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.