ഉന്നാവോ കൂട്ടബലാത്സംഗ കേസ്; ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ഉന്നാവോ കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉന്നാവിലെ ബഞ്ചര്‍മാവോ മണ്ഡലത്തിലെ എംഎല്‍എയാണ് കുല്‍ദീപ്. കുറ്റപത്രത്തില്‍ കുല്‍ദീപിനൊപ്പം സഹായി ശശി സിംഗിന്റെ പേരുമുണ്ട്.
കുല്‍ദീപിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 363, 366, 376, 506 പോക്സോ എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് എംഎല്‍എയുടെ മേലില്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്.
2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി അഭ്യര്‍ത്ഥിച്ച് ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കുല്‍ദീപ് സെനഗര്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. എം.എല്‍.എയ്‌ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ല. തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും എം.എല്‍.എയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ സംഭവം പുറത്തറിയുകയും ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേസ് സി.ബി.ഐയ്ക്കു കൈമാറാന്‍ യു.പി. സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍വെച്ചു കൊല്ലപ്പെടുകയും ചെയ്തു.
സി.ബി.ഐ കേസ് ഏറ്റെടുത്ത ശേഷമായിരുന്നു കുല്‍ദീപ് സെനഗര്‍ അറസ്റ്റിലായത്. ബലാത്സംഗം, കലാപം ഉണ്ടാക്കല്‍, കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെച്ചു കൊല്ലപ്പെട്ട സംഭവം എന്നീ മൂന്ന് സംഭവങ്ങളിലാണ് സി.ബി.ഐ അന്വേഷണം നടത്തി ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആദ്യ കുറ്റപത്രത്തില്‍ കുല്‍ദീപ് സെനഗറിന്റെ പേരുണ്ടായിരുന്നില്ല. കുല്‍ദീപിന്റെ സഹോദരനായ ജയ്ദീപ് സിങ് അടക്കം അഞ്ചു പേരുടെ പേരാണ് ഉണ്ടായിരുന്നത്. കൊലപാതകമടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കുല്‍ദീപിന്റെ സഹായിയായ ശശി സിങിനെതിരെയും സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് കൂട്ടുനിന്നതടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിനാസ്പദമായ സംഭവം ഒരു വര്‍ഷം തികഞ്ഞിരിക്കുന്ന സമയത്താണ് പ്രധാന പ്രതിയായ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.