കുമ്പസാരരഹസ്യം ചൂഷണം ചെയ്ത് പീഡനം; നാല് ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ കേസ്

ഓർത്തഡോക്സ് വൈദികർ ഉൾപ്പെട്ട ലൈംഗികാരോപണത്തിൽ നാല് ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ കേസ്. ഇവര്‍ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. ജെയ്സ് കെ.ജോര്‍ജ്, ഏബ്രഹാം വര്‍ഗീസ്, സോണി വര്‍ഗീസ്, ജോബ് മാത്യു എന്നിവർക്കെതിരെയാണ് കേസ് ചുമത്തിയത്‍. നേരത്തേ അഞ്ചു പേർക്കെതിരെയായിരുന്നു പരാതി. ഇവരിൽ ഒരാളെ ഒഴിവാക്കി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളും നാലു പേർക്കെതിരെ ചുമത്തി.

ലൈംഗികാരോപണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണു മൊഴിയെടുത്തത്. പരാതിക്കാരൻ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയെന്നാണു സൂചന.

ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009-ല്‍ യുവതി ജോബ് മാത്യു എന്ന വൈദികന് മുന്‍പായി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു.

പിന്നീട് ഇയാള്‍ ഈ വിവരം പ്രതികളായ മറ്റു വൈദികരുമായും പങ്കുവയ്ക്കുകയും തുടര്‍ന്ന് അവരും തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പീഡിപ്പിച്ചുവെന്ന പറയുന്ന മറ്റൊരു വൈദികനെതിരായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ല. ഇതാണ് ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.

അതിനിടെ ആരോപണവിധേയരായ വൈദികരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന കാര്യം തീരുമാനിക്കാന്‍ ഇന്ന് നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട്. ദില്ലി,കുഭക്കോണം ഭദ്രാസനങ്ങളിലെ വൈദികരാണ് പ്രതിപട്ടികയില്‍ ഉള്ളത്. നാല് മാസം മുന്‍പ് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഭയ്ക്കുള്ളില്‍ അഭ്യന്തര അന്വേഷണം നടന്നു വരികയാണെന്നായിരുന്നു സഭയുടെ നേരത്തെയുള്ള വിശദീകരണം.

ഇത്രയും ദിവസത്തിനിടെ പരാതിക്കാരന്‍റെ മൊഴിയാണ് മാത്രമാണ് അന്വേഷണസമിതി രേഖപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ നിര്‍ബന്ധിതരാവുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കില്ലെന്നും പക്ഷേ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും പൗലോസ് ദ്വിതീയൻ ബാവ പറഞ്ഞു.

error: Content is protected !!