കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് വിലക്കി സുപ്രീം കോടതി
കുമ്പസാരം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേസ് അടുത്ത ദിവസം പരിഗണിക്കുന്നതുവരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.
വൈദികരായ ജോബ് മാത്യു ,ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയപ്പോഴാണ് സുപ്രീം കോടതി ഈ ഉത്തരവിട്ടത്.
കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.
ഭര്‍ത്താവ് സഭയ്ക്കു പരാതി നല്‍കിയിരുന്നു. എന്നാൽ, പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്. ഈമാസം രണ്ടാംതീയതി റജിസ്റ്റർ ചെയ്ത കേസിൽ അടുത്ത കോടതി നടപടികളിലേക്ക് നീങ്ങുംമുൻപ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.