വിവാഹ വാഗ്ദാനം നല്കി പീഡനം; പ്രതിയെ അറസ്റ്റ് ചെയ്തു

പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവറെ തിരുവനന്തപുരത്ത് വെച്ച് പയ്യന്നൂർ പൊലീസ് പിടികൂടി. വിവാഹ വാഗ്ദാനം നല്‍കി അഞ്ചു വർഷക്കാലം  ലൈംഗീകമായി പീഡിപ്പിക്കുകയും സ്വർണ്ണാഭരണം കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി.

തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഏര്യം സ്വദേശി അഷ്റഫിനെയാണ് പയ്യന്നൂർ പൊലീസ് അവിടെ എത്തി പിടികൂടിയത്.ഇന്ന് ഉച്ചയോടെ പയ്യന്നൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

രാമന്തളി എട്ടിക്കുളം സ്വദേശിനിയായ മുപ്പത് കാരിയുടെ പരാതിയിലാണ് അഷ്റഫിനെതിരെ പയ്യന്നൂർ പൊലീസ് കേസ്സെടുത്തത്.വിവാഹ വാഗ്ദാനം നൽകി 2013- മുതൽ അഞ്ച് വർഷക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി.തമിഴ്നാട്, മംഗലാപുരം, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് പീഡിപ്പിച്ചതെന്നും പ്രതി തന്റെ സ്വർണ്ണാഭരണം കൈക്കലാക്കിയെന്നും യുവതി നൽകിയ പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവറായ പ്രതി നേരത്തെ പയ്യന്നൂർ ഡിപ്പോയിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയിലാണ് യുവതിയുമായി പരിചയപ്പെട്ടത്. സമാന രീതിയിൽ മറ്റൊരു പരാതിയും പ്രതിക്കെതിരെ ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയെ ഇന്നലെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.

You may have missed

error: Content is protected !!