ആലപ്പുഴയിലും എസ്എഫ്ഐ ക്കെതിരെ എസ്ഡിപിഐ ആക്രമണം; ഏരിയ സെക്രട്ടറിക്ക് വെട്ടേറ്റു
അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം.
ആലപ്പുഴ ചാരുമ്മൂട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നേരെയായിരുന്നു എസ്.ഡി.പി.ഐ ആക്രമണം. ആലപ്പുഴ ചാരുംമൂട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ, അജയ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചു. ഇതില്‍ പ്രകോപിതരായ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവസ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയുന്നുണ്ട്.
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന അക്രമിസംഘത്തില്‍ ഒരു വിദ്യാര്‍ത്ഥിയുമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഒരു സംഘം ആളുകള്‍ ഓടിപ്പോകുന്നതു സിസിടിവിയിലുണ്ടെന്നു അറിയിച്ചു. സംഘത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മഹാരാജാസ് കോളജില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം അഭിമന്യുവിന്റെ നാടായ വട്ടമടയിലേക്ക് കൊണ്ടു പോയി.
സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബിലാല്‍ (കോട്ടയം), ഫറൂക്ക് (പത്തനംതിട്ട), റിയാസ് (ഫോര്‍ട്ട്കൊച്ചി) എന്നിവരാണു പിടിയിലായത്.
ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യുവിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരു എസ്.എഫ്.ഐ പ്രവര്‍ത്തകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ആണ് ആശുപത്രിയില്‍ ഉള്ളത് എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമാണ് അഭിമന്യു.