ലോറി ക്ലീനർ കല്ലേറിനെത്തുർന്നു കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത

ചരക്കുലോറി ക്ലീനർ കല്ലേറിനെത്തുർന്നു കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്നു കേരളത്തിലേക്കു പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനർ കോയമ്പത്തൂർ അണ്ണൂർ വടക്കല്ലൂർ മുരുകേശന്റെ മകൻ വിജയ് (മുബാറക്ക് ബാഷ–21) തിങ്കളാഴ്ച വെളുപ്പിനാണു കൊല്ലപ്പെട്ടത്. ദൃക്സാക്ഷിയായ ഡ്രൈവറുടെ മൊഴിയിലെ വൈരുധ്യത്തിൽ ദുരൂഹത ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. തമിഴ്നാട്ടിലെ ലോറി ഉടമകളുടെ സംഘടനകളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.

കഞ്ചിക്കോട് ഐടിഐയ്ക്കു സമീപമെത്തിയപ്പോൾ കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സർവീസ് റോഡിൽ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവറുടെ ആദ്യമൊഴി. എന്നാൽ പിന്നീട്, കോയമ്പത്തൂരിലാണു സംഭവം നടന്നതെന്ന് ഇയാൾ മൊഴിമാറ്റി. കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, കേരള– തമിഴ്നാട് പൊലീസ് സംഘം എട്ടിമടൈയിൽ നടത്തിയ പരിശോധനയിൽ വാഹത്തിന്റെ ചില്ലു പൊട്ടിയ തരത്തിൽ ആക്രമണം നടന്നതിനു തെളിവു കണ്ടെത്തിയില്ല.

വാളയാർ ആർടിഒ ചെക്പോസ്റ്റിനു സമീപത്തെ സിസിടിവി പരിശോധിച്ചതിൽ, ഗുരുതരമായി പരുക്കേറ്റ് ലോറിയിൽ കണ്ട വിജയിയെ ആർടിഒ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഡ്രൈവർ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും കണ്ടെത്തി. വിജയ്‌യുടെ വാരിയെല്ലു തകർത്ത് ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പക്ഷേ, പുറത്തു നിന്നു കല്ലെറിഞ്ഞാൽ ഇത്ര ആഘാതമുണ്ടാകാനിടയില്ലെന്നു പൊലീസ് പറയുന്നു.‍

error: Content is protected !!