അക്രമി പെട്രോളൊഴിച്ച് തീകൊളുത്തി; പണമിടപാട് സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്‌സയിലായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ ബസ്‌സ്‌റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്‌സ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയാണ് (53) മരിച്ചത്.

ഇന്നലെ ഉച്ചയ്ത്ത് 2.30ഓടെയാണ് സുമേഷ് എന്നയാള്‍ സ്ഥാപനത്തിലെത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരിച്ചറിയല്‍ രേഖകള്‍ പോലും ഇല്ലാതെ പണം നല്‍കാനാവില്ലെന്ന് സജി അറിയിച്ചതോടെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പെട്രോളുമായി വീണ്ടും സ്ഥാപനത്തിലെത്തിയ ഇയാള്‍ സജിയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച സജിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

കാബിനിനുള്ളില്‍ ഇരുന്ന സജിയുടെ ദേഹത്ത് മുളകുപൊടി വിതറിയശേഷം പുറത്തുനിന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സുമേഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

error: Content is protected !!