മാധ്യമങ്ങള്‍ ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നു: മന്ത്രി കെ രാജു

ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുണ്ടെങ്കിലും
മാധ്യമങ്ങളാണ് ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്ന് വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ മാധ്യമപ്രവര്‍ത്തകരുടെ മക്കള്‍ക്ക് കണ്ണൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ തന്നെ സത്യസന്ധമായ വിവരങ്ങള്‍ അറിയുക എന്നത് പൗരന്റെ കടമയാണെന്ന് മാധ്യമങ്ങള്‍ മറന്നുകൂടാ. പല വാര്‍ത്തകള്‍ക്കും പിന്നില്‍ പലവിധ താല്‍പര്യങ്ങള്‍ കാണാം. മാധ്യമ മാനേജ്‌മെന്റുകളുടെ താല്‍പര്യങ്ങളും വാര്‍ത്തയില്‍ കലരുന്നു. ഡോക്ടറും എന്‍ജിനീയറും ഒക്കെയാവാന്‍ കുട്ടികള്‍ക്ക് ആഗ്രഹമുണ്ടാവും.

എന്നാല്‍, അതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യനാവാനാണ് പുതുതലമുറ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാമിക പി അഭിജിത്ത്, ഗൗതം കൃഷ്ണ, മനു സി കുര്യാച്ചന്‍, എ വി സിദ്ധാര്‍ഥ്, എന്‍ ജെ അഭിഷേക്, പി കൃഷ്‌ണേന്ദു, മെറിന്‍ ജോര്‍ജ്, ശരത് സി കുര്യാച്ചന്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡും മെമെന്റോയും മന്ത്രി സമ്മാനിച്ചു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് കെ ശശി അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും, ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!