കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായെങ്കിലും പിന്നീട് നേരിയ പുരോഗതിയുണ്ടെന്ന് ഒടുവിൽ പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. കരുണാനിധിയിപ്പോള്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങള്‍ രാത്രിയോടെ മടങ്ങി.
കലൈജ്ഞരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എല്ലാവരും പിരിഞ്ഞു പോകണമെന്നുമുള്ള ഡിഎംകെ നേതാക്കളുടെ അഭ്യർഥന അവഗണിച്ച് ആയിരക്കണക്കിനാളുകൾ ഇപ്പോഴും ആശുപത്രി പരിസരത്തു തുടരുകയാണ്. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ട്.
രാത്രി പത്തേമുക്കാലോടെ ഡിഎംകെ അണികളുടെ വികാരപ്രകടനങ്ങൾ അതിരുവിടുകയും പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. രാത്രി ഏഴരയോടെ കരുണാനിധിയുടെ സ്ഥിതി വഷളായതിനു പിന്നാലെയായിരുന്നു ഇത്. തുടർന്നു കുടുംബാംഗങ്ങളും മുതിർന്ന നേതാക്കളും ആശുപത്രിയിലേക്കു പാഞ്ഞെത്തി. അതോടെ, അഭ്യൂഹങ്ങളും ശക്തമായി. കൂടുതൽ പ്രവർത്തകർ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടി. രാത്രി 9.50 നു മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ സ്ഥിതി വഷളായെങ്കിലും പിന്നീടു മെച്ചപ്പെട്ടുവെന്നായിരുന്നു ബുള്ളറ്റിൻ.
ആശ്വാസ വാർത്തയെത്തിയിട്ടും പക്ഷേ, പ്രവർത്തകർ പിരിഞ്ഞുപോയില്ല. രാത്രി 10.15 നു മുൻ കേന്ദ്ര മന്ത്രി രാജ മാധ്യമങ്ങൾക്കു മുന്നിലെത്തി മെഡിക്കൽ ബുള്ളറ്റിനിലെ ഹ്രസ്വവിവരങ്ങൾ അതേപടി ആവർത്തിച്ചുവെങ്കിലും കൂടുതൽ പ്രതികരണങ്ങൾ ഒഴിവാക്കി. ബഹളം തുടർന്ന പ്രവർത്തകരെ സമാധാനിപ്പിക്കാൻ അദ്ദേഹം വാഹനത്തിനു മുകളിൽ കയറി നിന്നു മൈക്കിലൂടെ അഭ്യർഥന നടത്തിയെങ്കിലും ഫലിച്ചില്ല. നേതാക്കളുടെ വാക്കുകൾ പാഴായതോടെ അതുവരെ നിയന്ത്രണം പാലിച്ച പൊലീസ് ലാത്തി വീശുകയായിരുന്നു. കരുണാനിധിയുടെ കുടുംബാംഗങ്ങൾ പുറത്തേക്കു വരുമ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം കാരണം വാഹനങ്ങൾക്കു പോകാൻ സാധിച്ചില്ല. തുടർന്നാണു പൊലീസ് ഇടപെട്ടത്. പിന്നീട് സ്ഥിതിഗതികൾ ശാന്തമായി.