സൈബര്‍ പോരാളികള്‍ മൃതദേഹങ്ങളെ പോലും അപമാനിക്കുന്നു: കെ.യു.ഡബ്ല്യു.ജെ

മാധ്യമങ്ങളെ വിമര്‍ശിക്കുന്നു എന്ന പേരും പറഞ്ഞ്‌ മൃതദേഹത്തെ പോലും അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന മനുഷ്യവിരുദ്ധമായ മാനസികാവസ്ഥയിലേക്ക്‌ സോഷ്യല്‍ മീഡിയയിലെ പോരാട്ടക്കാരായ മാധ്യമവിമര്‍ശകര്‍ തരംതാഴരുതെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട്‌ കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കോട്ടയം ജില്ലയിലെ മുണ്ടാറില്‍ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്‌ മുങ്ങിമരിച്ചു പോയവരെ പരിഹസിക്കാനാണ്‌ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ശ്രമം നടന്നത്‌. ആഴ്‌ചകളായി ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ ദുരിതങ്ങള്‍ പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ച്‌ പ്രവര്‍ത്തിച്ചവര്‍ക്കാണ്‌ അവിശ്വസനീയമായ ദുരന്തമൂണ്ടായത്‌. ജീവന്‍ വക വെക്കാതെ നടത്തിയ യാത്രയുടെ അന്ത്യം. ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന സംഭവമാണിത്‌. പക്ഷേ ആ ഹതഭാഗ്യരായ മാധ്യമപ്രവര്‍ത്തകരുടെ സേവനമനോഭാവത്തെ പരിഹസിക്കാനും മരിച്ചതില്‍ ആഹ്ലാദിക്കാനുമാണ്‌ ചിലര്‍ തയ്യാറായത്‌. ” സര്‍ക്കാര്‍ വിരുദ്ധവാര്‍ത്ത എഴുതാന്‍ പോയവരുടെ ഡെഡ്‌ബോഡി കിട്ടിയിട്ടുണ്ട്‌ ” എന്ന നിലയിലുള്ള പരിഹാസമാണ്‌ ഉണ്ടായത്‌. ഇത്രയധികം അധമമനസ്സുള്ളവരായിത്തീര്‍ന്നോ സോഷ്യല്‍മീഡിയയിലെ പ്രതികരണക്കാര്‍.

മരണപ്പെട്ടവരുള്‍പ്പെടെ, തിങ്കളാഴ്‌ച അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ആരും സര്‍ക്കാര്‍ വിരുദ്ധവാര്‍ത്ത തയ്യാറാക്കാന്‍ പോയതല്ല. സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ വിഷയങ്ങള്‍ കൊണ്ടുവരികയായിരുന്നു ഉദ്ദേശ്യം. വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും സര്‍ക്കാര്‍ സൃഷ്ടിയാണെന്ന്‌ ഞങ്ങളാരും പറഞ്ഞിട്ടില്ല. പ്രകൃതിക്ഷോഭദുരിതങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക്‌ ആശ്വാസം എത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നിരീക്ഷണവിധേയമാക്കാനുള്ള ജനകീയമായ ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്‌. മാത്രമല്ല, ദുരിതങ്ങളുടെ നേര്‍ച്ചിത്രം പുറംലോകത്തെ അറിയിക്കാനുള്ള ബാധ്യതയും മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഇത്‌ മാധ്യമധര്‍മമാണ്‌. സര്‍ക്കാരിന്‌ അനിഷ്ടം തോന്നുന്ന വാര്‍ത്തളെല്ലാം ഒഴിവാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രവര്‍ത്തിക്കാനാകില്ല. മാധ്യമങ്ങള്‍ പരസ്‌പരം മല്‍സരത്തിലാണ്‌ എന്നൊക്കെ വിമര്‍ശിച്ചാലും മാധ്യമപ്രവര്‍ത്തനം സമൂഹത്തിനു വേണ്ടിയുള്ളതാണ്‌. പ്രകൃതിദുരന്ത റിപ്പോര്‍ട്ടിങുകള്‍ ആത്യന്തികമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടിയാണ ്‌. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്‌ മാധ്യമപ്രവര്‍ത്തകരുടെ പേനയും ക്യാമറയും.

 

.

 

error: Content is protected !!