എൽ.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം മാറണമെന്ന് സുപ്രീം കോടതി

എൽ.ജി.ബി.ടി സമൂഹം ക്രിമിനലുകളാണെന്ന തെറ്റായ ധാരണ മാറണമെന്ന് സുപ്രീംകോടതി. 377 –ാം വകുപ്പ് ഇല്ലാതാകുന്നതോടെ എൽ.ജി.ബി.ടി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കോടതി പരാമര്‍ശം നടത്തി. സ്വവര്‍ഗരതി കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ തുടരുകയാണ്. ഇന്ത്യന്‍ സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷണമായ വിവേചനമാണു പുലര്‍ത്തുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. കടുത്ത മാനസിക പിരിമുറുക്കത്തിന്‍റെ ഫലമായി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലാണെന്നും കോടതി നിരീക്ഷിച്ചു.

രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽ.ജി.ബി.ടി സമൂഹം നേരിടുന്ന ഏറ്റവും വലിയ  പ്രശ്നമെന്ന് സ്വവര്‍ഗരതി കേസിൽ മൂന്നാംദിവസം വാദം കേൾക്കുന്നതിനിടെ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. തങ്ങൾ ക്രിമിനലുകളാണെന്നും അവഗണിക്കപ്പെടുന്നു എന്നുമുള്ള തോന്നൽ എൽ.ജി.ബി.ടി സമൂഹത്തിൽ ഇല്ലാതാകണം.

സമൂഹത്തിന്‍റെ മനോഭാവം കാരണം തങ്ങളുടെ യഥാര്‍ഥ ലൈംഗിക അഭിരുചി വെളിപ്പെടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയാല്‍ പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.

അതേസമയം, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം കുറ്റകരമാക്കുന്നതു ഭരണഘടനാപരമായി ശരിയാണോയെന്നതിൽ കേന്ദ്രസർക്കാർ നിലപാടു വ്യക്തമാക്കിയില്ല. വിഷയം കോടതിയുടെ വിവേകത്തിനു വിടുകയാണെന്നു കേന്ദ്രം സത്യവാങ്മൂലത്തിൽ ബെഞ്ചിനെ അറിയിച്ചു. സ്വവർഗബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377–ാം വകുപ്പ് ഭരണഘടനാപരമോ എന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്.

error: Content is protected !!